പാലക്കാട്: നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. എവിടി ഫാക്ടറിക്ക് സമീപം കണ്ട ചില്ലിക്കൊമ്പൻ പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തു. എന്നാല്‍ നാട്ടുകാര്‍ ബഹളം വച്ചതോടെ കൊമ്പൻ ഇവിടെ നിന്ന് തിരിച്ചുപോയി.
നാട്ടുകാര്‍ ചില്ലിക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന ഇടയ്ക്ക് ഇവിടെ ജനവാസമേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രയാസങ്ങളോ പ്രശ്നങ്ങളോ സൃഷ്ടിക്കാറില്ല. അതിനാല്‍ തന്നെ നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരനാണ് ചില്ലിക്കൊമ്പൻ.
ചക്ക, മാങ്ങാ കാലത്ത് ചില്ലിക്കൊമ്പൻ കാടിറങ്ങി വന്ന് ഇവയെല്ലാം യഥേഷ്ടം കഴിച്ച് തിരിച്ചുപോകാറുണ്ടത്രേ. എന്നാല്‍ അഞ്ച് മാസം മുമ്പ് പതിവെല്ലാം തെറ്റിച്ച് ദിവസങ്ങളോളം നെല്ലിയാമ്പതിയില്‍ തോട്ടങ്ങളിലും തൊഴിലാളികള്‍ കഴിഞ്ഞുകൂടുന്ന പാഡികള്‍ക്ക് സമീപത്തും മറ്റുമായി കറങ്ങിനടന്നത് അല്‍പം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.