ബന്ധുവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി… യുവാവ് കീഴടങ്ങി….



കൊല്ലം: ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പോരേടം സ്വദേശി സനലാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഭാര്യയെ ശല്യപ്പെടുത്തിയതിൻ്റെ വിരോധത്തിലാണ് സനൽ കലേഷിനെ പട്ടാപ്പകൽ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ബക്കറ്റിൽ കൊണ്ടു വന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലത്ത് പോരേടം ചന്തമുക്കിലായിരുന്നു സംഭവം. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിൻ്റെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീകൊളുത്തി എറിഞ്ഞു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടി. ഒടുവിൽ ഓടിക്കൂടിയ നാട്ടുകാർ ആണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചച്ചത്. 80 ശതമാനം പൊള്ളലേറ്റ് കലേഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

തീ കൊളുത്തിയ ശേഷം സനൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാൻ ശ്രമിച്ചതെന്നുമാണ് ഇയാൾ പറയുന്നത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ സനലിനെ റിമാൻഡ് ചെയ്തു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചടയമംഗലം പൊലീസ് അറിയിച്ചു.
Previous Post Next Post