രാഹുലിനെതിരെ ശക്തമായി പോരാടും', വയനാട്ടില്‍ പെര്‍മനെന്റ് വിസയെന്ന് കെ സുരേന്ദ്രന്‍



കോട്ടയം: വയനാട്ടില്‍ ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. പാര്‍ട്ടി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിക്കുകയും രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ വന്ന് മത്സരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കും. വയനാട് വ്യക്തിപരമായിട്ട് വളരെ അധികം ബന്ധമുള്ള മണ്ഡലമാണ്. പൊതുജീവിതം ആരംഭിച്ചത് വയനാട്ടില്‍ നിന്നാണ്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്- സുരേന്ദ്രന്‍ പറഞ്ഞു.

''തീര്‍ച്ചയായിട്ടും ഇതെന്റെ മണ്ണാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മനെന്റ് വിസയാണ് ശക്തമായിട്ടുള്ള മത്സരം ഉണ്ടാകും. കഴിവിന്റെ പരമാവധി ചെയ്യും. ശക്തമായിട്ടുള്ള മത്സരം കാഴ്ചവെക്കും, ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്നത് ഉറപ്പാണെന്നും'' കെ സുരേന്ദ്രന്‍ പറഞ്ഞു.

''പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വളരെ ഭാരിച്ച ഉത്തരവദിത്തമാണ്. പൂര്‍ണ സന്തോഷത്തോടു കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ മത്സരിക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷാ യോടും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡയോടും നന്ദി അറിയിക്കുന്നു. സുരേന്ദ്രന്‍ പറഞ്ഞു.
Previous Post Next Post