ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും ട്യൂലിപ്പ് വസന്തം. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് ഗാർഡനായ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നു. ഈ വർഷത്തെ ട്യൂലിപ്പ് ഫെസ്റ്റിവലിൽ 1.7 ദശലക്ഷം ട്യൂലിപ്പ് പൂക്കളാണ് പ്രദർശനത്തിനുള്ളത്.
വിദേശികളും സ്വദേശികളുമായി ലക്ഷക്കണക്കിന് പേരാണ് സബർവാൻ പർവത നിരകളുടെ താഴ്‌വരയിൽ വിടർന്നു നിൽക്കുന്ന ട്യൂലിപ്പ് പുഷ്പങ്ങളെ കാണാനെത്തുക. 73 ഇനം ട്യൂലിപ്പ് പുഷ്പങ്ങളാണ് ഈ വർഷം ഉണ്ടാകുക. ട്യൂലിപ്പ് പുഷ്പങ്ങൾ കൂടാതെ, ഡാഫോഡിൽസും ഹയാസിന്തുകളുമെല്ലാം പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
ഏകദേശം 30 ഹെക്ടർ വിസ്തൃതിയിലാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡൻ വ്യാപിച്ചുകിടക്കുന്നത്. മുൻപ് മോഡൽ ഫ്ളോറികൾച്ചർ സെന്റർ എന്നാണ് ഗാർഡൻ അറിയപ്പെട്ടിരുന്നത്. സിറാജ് ബാഗ് എന്നും ഇതിന് പേരുണ്ട്.
2008ലാണ് ആദ്യമായി സന്ദർശകർക്കായി ഇന്ദിരാഗാന്ധി ട്യൂലിപ്പ് ഗാർഡൻ തുറന്നുകൊടുത്തത്. ട്യൂലിപ്പ്‌സ് പുഷ്പങ്ങൾ കൂടാതെ, ഹോളണ്ടിൽ നിന്നും കൊണ്ടുവന്ന ഹയാസിന്ത്‌സ്, ഡഫോഡിൽസ്, റാൻകുലസ്, എന്നിവയുൾപ്പെടെ 46 ഇനം പൂക്കളും ഇവിടെ ദൃശ്യവസന്തം ഒരുക്കുന്നു.