യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


മലപ്പുറം : പാണ്ടിക്കടവില്‍ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ (36) ആണ് സ്‌റ്റേഷനില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്.

പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും, ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും നടക്കുന്നുണ്ട്. സംഭവത്തില്‍ രണ്ട് സിപിഒമാരെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൊയ്തീന്‍ കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പാണ്ടിക്കടവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
Previous Post Next Post