തിരുപ്പതി: കടം വാങ്ങിയ സ്വർണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ക്രൂരമായ കൊലപാതകം. 84 വയസുകാരിയെ അയൽവാസിയും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഡാമിൽ തള്ളി. തിരുപ്പതിക്ക് സമീപം യെരഗുണ്ടല ഗ്രാമത്തിലാണ് ക്രൂരമായ സംഭവവികാസങ്ങൾ അരങ്ങേറിയത്.
84 വയസുകാരിയായ ഒബുലമ്മ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ വീട്ടിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. മറ്റ് കുടുംബാഗംങ്ങൾ ഹൈദരാബാദിലേക്ക് താമസം മാറിയിരുന്നു. രണ്ടാഴ്ച മുമ്പ് ഒബുലമ്മയുടെ സ്വർണാഭരണങ്ങൾ അയൽവാസിയായ കൃഷ്ണമൂർത്തി കടം വാങ്ങി. കുടുംബത്തിലെ ഒരു ചടങ്ങിന് ഉപയോഗിക്കാനെന്ന പേരിലായിരുന്നു ഈ സ്വർണം വാങ്ങിയത്.
തിരികെ നൽകാമെന്ന് പറഞ്ഞ തീയ്യതി കഴിഞ്ഞിട്ടും ആഭരണങ്ങൾ കൊണ്ടുവരാതെ ആയപ്പോൾ ഒബുലമ്മ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പലതവണ ശ്രമിച്ചിട്ടും കാര്യമുണ്ടാവാതെ വന്നപ്പോൾ അവർ ഗ്രാമത്തിലെ ചില പൗരപ്രമുഖരെ സമീപിച്ച് കാര്യം പറഞ്ഞു. ഇവർ കൃഷ്ണമൂർത്തിയെ ശാസിക്കുകയും എത്രയും വേഗം സ്വർണം തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇത് കൃഷ്ണമൂർത്തിക്കും കുടുംബത്തിനും വലിയ അപമാനമായി. തുടർന്ന് ഒബുലമ്മയുമായി ഉടലെടുത്ത വിദ്വേഷം കാരണം വെള്ളിയാഴ്ച രൂക്ഷമായ വാക്കു തർക്കമുണ്ടായി. ഇതിനെ തുടർന്നാണ് കോടാലി കൊണ്ട് വെട്ടി കൊന്നത്. കൊലപാതകം കൊണ്ടും അവസാനിപ്പിക്കാതെ മൃതദേഹം പല കഷണങ്ങളാക്കി വെട്ടി മുറിച്ച് അടുത്തുള്ള ഡാമിൽ വലിച്ചെറിഞ്ഞു. ഒബുലമ്മയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ കൃഷ്ണമൂർത്തിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മൃതദേഹ അവശിഷ്ടങ്ങൾ ഡാമിൽ നിന്ന് കണ്ടെത്തി പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.