'ഇതാണ് എന്റെ പൗരത്വ രേഖ': പിതാവ് സ്വാതന്ത്ര്യ സമരത്തിൽ ജയിലിലായതിന്റെ രേഖയുമായി എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി



കൊച്ചി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി. തന്റെ പിതാവ് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ രേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ജമാൽ കൊച്ചങ്ങാടിയുടെ പ്രതികരണം. 'ഇതാണ് എന്റെ പൗരത്വ രേഖ' എന്നദ്ദേഹം കുറിച്ചു.


1930 കോഴിക്കോട് ബീച്ചില്‍ മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ തന്റെ പിതാവ് പിഎ സൈനുദ്ദീൻ നൈന പങ്കെടുത്തിരുന്നതായി ജനാൽ കൊച്ചങ്ങാടി പറഞ്ഞു. സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സൈനുദ്ദീൻ നൈന ജയിൽവാസമനുഷ്ഠിച്ചത് 29 വയസ്സുള്ളപ്പോഴായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. നേരെ ജയിലിലേക്ക്. കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിഞ്ഞത്.
ഈ കാലയളവിൽ വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയിലിൽ വന്നയാൾ. ജയിലിൽ നിന്ന് മോചിതനായ ശേഷം രണ്ടുപേരും ചേർന്ന് ഉജ്ജീവനം എന്ന പത്രം ഇറക്കി. ബഷീറായിരുന്നു എഡിറ്റർ. സൈനുദ്ദീൻ നൈന പബ്ലിഷർ. ഈ കഥകളെല്ലാം ബഷീറിന്റെയും മൊയ്തു മൗലവിയുടെയും കേശവദേവിന്റെയും ആത്മകഥകളിൽ പറയുന്നുണ്ടെന്ന് ജമാൽ കൊച്ചങ്ങാടി പറഞ്ഞു. 'ഇങ്ങനെ ഒരു രേഖ ഇന്ന് രാജ്യസ്നേഹത്തെ കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുന്ന എത്ര സംഘികൾക്കുണ്ട്?' എന്ന ചോദ്യത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജമാൽ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് കുറിപ്പ്
എന്റെ പിതാവ് പിഎ സൈനുദ്ദിൻ നൈന 1930ൽ കോഴിക്കോട് ബീച്ചിൽ മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബിൻറെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചതിന്
ഭരണകൂടം നൽകിയ സർട്ടിഫിക്കറ്റ്.
അന്നദ്ദേഹത്തിന് 29 വയസ്സ്.
കല്യാണം കഴിഞ്ഞീട്ട് മൂന്ന് ദിവസം മാത്രം മണിയറയിൽ നിന്ന് നേരെ പോയത് കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക്.. അവിടെ വെച്ച് വൈക്കം മുഹമ്മദ് ബഷീർ എന്ന മറ്റൊരു സ്വാതന്ത്ര്യ പ്പോരാളിയെ പരിചയപ്പെടുന്നു.
ജയിൽ മോചനത്തിന്ന് ശേഷം അവർ രണ്ടു പേരും കൂടി കൊച്ചിയിൽ നിന്ന് ഉജ്ജീവനം എന്ന പത്രമിറക്കുന്നു.'
ബഷീർ എഡിറ്റർ,ബാപ്പ പബ്ളിഷർ .
വക്കം മൗലവിയും രാമകൃഷ്ണയും പോലൊരു ബന്ധം.
ഈ കഥകൾ ബഷീറിൻ്റെയും മൊയ്തു മൗലവിയുടെയും കേശവദേവിൻ്റെയും ആത്മകഥകളിൽ പറയുന്നുണ്ട്.
ഇങ്ങനെ ഒരു രേഖ
ഇന്ന് രാജ്യസ്നേഹത്തെ കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുന്ന
എത്ര സംഘികൾക്കുണ്ട്?
Previous Post Next Post