ആദ്യത്തെ മഹാ ശിവരാത്രി ആഘോഷിച്ച് അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം

 


അബുദാബി: മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ ശിലാക്ഷേത്രവും അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രവുമായ ബാപ്‌സ് ഹിന്ദു മന്ദിര്‍ ആദ്യത്തെ മഹാ ശിവരാത്രി ഉത്സവം ആഘോഷിച്ചു. ഇന്നലെ വെള്ളിയാഴ്ച നടന്ന ചടങ്ങുകളിലും പ്രാര്‍ത്ഥനയിലും ആയിരക്കണക്കിന് ഭക്തര്‍ പങ്കാളികളായി.

ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷമാണ് മഹാ ശിവരാത്രിയെത്തുന്നത്. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രം നിറങ്ങളാല്‍ അലങ്കരിച്ചിരുന്നു. ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ ഭഗവാന്‍ ശിവനോടുള്ള പ്രാര്‍ഥനയോടെ ആരംഭിച്ച് അഗ്നിമന്ത്രോച്ചാരണത്തോടെ സമാപിച്ചു.

ദര്‍ശനം നേടുന്നതിനായി എത്തിയ ഭക്തരുടെ തിരക്ക് പകല്‍ മുഴുവന്‍ ക്ഷേത്രത്തിന്റെ കവാടങ്ങളില്‍ കാണാമായിരുന്നു. വെള്ളിയാഴ്ച ഭഗവാനെ ദര്‍ശിക്കാനായി ഇന്ത്യയിലും മറ്റും ഭക്തര്‍ ശിവക്ഷേത്രങ്ങളില്‍ തടിച്ചുകൂടിയപ്പോള്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേരാണ് ബാപ്‌സ് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനെത്തിയത്.

ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത (BAPS) നിര്‍മിച്ച് നടത്തുന്ന ക്ഷേത്രം ഫെബ്രുവരി 14ന് ആയിരക്കണക്കിന് ഹിന്ദു സന്യാസിമാരുടെയും മഹന്ത് സ്വാമി ജി മഹാരാജിന്റെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. ക്ഷേത്രത്തിന്റെ മഹത്വവും പ്രൗഢിയും നിര്‍മിതിയുമെല്ലാം തങ്ങളെ അതിശയിപ്പിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയ യുഎഇയിലെ നിരവധി ഭക്തര്‍ അഭിപ്രായപ്പെട്ടു.

വാര്‍ഷിക ഉത്സവമായ മഹാ ശിവരാത്രി ശിവനെ ആരാധിക്കുന്ന ഏറ്റവും പവിത്രമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഭക്തര്‍ ഗംഗാനദിയില്‍ നിന്ന് വെള്ളം ശേഖരിച്ച് ദേവന് സമര്‍പ്പിക്കുന്നു.

Previous Post Next Post