മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഉറക്കം കെടുത്തുന്ന 'കൊച്ചുഭീകരന്‍'; മരപ്പട്ടിയെക്കുറിച്ച് എന്തറിയാം?



‘ഷർട്ട് ഇസ്‌തിരിയിട്ട് വയ്‌ക്കാനോ വെള്ളം തുറന്ന് വയ്‌ക്കാനോ കഴിയില്ല, മരപ്പട്ടിയുടെ മൂത്രം വീഴും’, ക്ലിഫ് ഹൗസിലെ ശല്യക്കാരനായ മരപ്പട്ടിയെ കുറിച്ച് മുഖ്യമന്ത്രി തന്‍റെ ആവലാതി പറഞ്ഞതാണ് ഇത്. മുഖ്യന് മാത്രമല്ല പ്രതിപക്ഷ നേതാവിനുമുണ്ട് മരപ്പട്ടി ശല്യം.‘പുലര്‍ച്ചെ നാലുമണിക്ക് താനും മരപ്പട്ടി ശല്യംകാരണം ഉണര്‍ന്നു. ഒന്നല്ല, ഇഷ്ടംപോലെ മരപ്പട്ടിയുണ്ട് ’ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും തന്‍റെ ആവലാതി പറഞ്ഞു. അത്രയ്ക്ക് കുഴപ്പക്കാരനാണോ ഈ ‘മരപ്പട്ടി’ ?.

സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരുടെ വസതികളില്‍ കയറി അവര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഈ ജീവിയെ കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ അറിയാം. പണ്ടൊക്കെ നാട്ടിന്‍ പുറത്തെ വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴികളെ പിടിച്ച് ചോരകുടിച്ചിരുന്ന ഈ വിരുതന്‍മാര്‍ ഇന്ന് പലയിടത്തുമുണ്ട്. മച്ചും തട്ടിന്‍പുറവുമുള്ള പഴയ കാലത്തെ വീടുകളിലും ആളനക്കമില്ലാത്ത കെട്ടിടങ്ങളിലും വരെ ഇവര്‍ താമസമാക്കും. ഇവയുടെ മൂത്രത്തില്‍ നിന്നുണ്ടാകുന്ന അസഹ്യമായ ദുര്‍ഗന്ധമാണ് മനുഷ്യര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

Paradoxurus hermaphroditus എന്നാണ് മരപ്പട്ടിയുടെ ശാസ്ത്രീയ നാമം. വെരുകുമായി അടുത്ത സാമ്യമുള്ള ഇവ സസ്തനി വര്‍ഗത്തില്‍ ഉള്‍പ്പെട്ട ജീവിയാണ്. രാത്രികാലങ്ങളിലാണ് ഇരതേടിയുള്ള സഞ്ചാരം. കൂട്ടില്‍ കിടക്കുന്ന കോഴികളെ മാത്രമല്ല . പനങ്കുലയും, തെങ്ങിൻ പൂക്കുലയും കരിക്കും പഴവര്‍ഗങ്ങളും ചെറിയ ജീവികളെയുമൊക്കെയാണ് ഇവ ആഹാരമാക്കുന്നത്.

കണ്ടാല്‍ ഇങ്ങനെയിരിക്കും..

മൂന്നുമുതൽ മൂന്നരകിലോഗ്രാം വരെ ഭാരം. മൂക്കുമുതൽ വാലിന്റെ അറ്റം വരെ ഏകദേശം ഒരു മീറ്റർ നീളം. വാലിന് മാത്രം ഏകദേശം 45 സെന്റീമീറ്ററാണു നീളമുണ്ടായിരിക്കും. വെളുത്ത ശരീരത്തില്‍ നിറെയ കറുത്തരോമങ്ങളാണുണ്ടാവുക. കണ്ണിനു മുകളിലും താഴെയുമായി വെളുത്ത പാടും കാണാം. നെറ്റിയിൽ നിന്നു തുടങ്ങി വാലുവരെയെത്തുന്ന കറുത്ത വര, കൂടിനിൽക്കുന്ന രോമങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഉടലിൽ മുന്നിൽ നിന്നു പിന്നോട്ട് ആകെ മൂന്നു വരകൾ ഉണ്ട്. ശരീരത്തിൽ അവ്യക്തമായി മറ്റുപാടുകൾ കാണാവുന്നതാണ്. കുട്ടികളിൽ ഈ വരകൾ വ്യക്തമായിരിക്കണമെന്നില്ല.

സാധാരണ മരത്തിൽ ജീവിക്കുന്ന മരപ്പട്ടികളുടെ കാൽനഖങ്ങൾ മരത്തിൽ പിടിച്ചു കയറാൻ പാകത്തിൽ വളരെ കൂർത്തതായിരിക്കും. മണ്ണിലിറങ്ങിയും ഇരതേടാറുണ്ട്. കറുത്ത രോമങ്ങളാൽ മൂടപ്പെട്ട ശക്തമായ വാലും മരങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായമായി ഉപയോഗിക്കുന്നു. വെരുകുവംശത്തിൽ പെട്ട മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമായി വാലിൽ വളയങ്ങളുണ്ടാകാറില്ല. അപകടഘട്ടങ്ങളിൽ പൂച്ചകളെ പോലെ ചീറ്റുകയും കടിക്കുകയും മാന്തുകയും ചെയ്യും.

വർഷത്തിലുടനീളം കുട്ടികളുണ്ടാവാറുണ്ട്. മരത്തിന്റെ പൊത്തുകളിലാണ് സാധാരണ കുട്ടികൾ ഉണ്ടാവുക. മൂന്നോ നാലോ കുട്ടികൾ ഒരു പ്രസവത്തിൽ ഉണ്ടാകുന്നു. പിറന്ന് ഒരു കൊല്ലമാകുമ്പോൾ പ്രായപൂർത്തിയാകുന്ന മരപ്പട്ടികൾ സാധാരണ 22 കൊല്ലം വരെ ജീവിക്കും. ഏഷ്യയിലെമ്പാടുമായി മരപ്പട്ടികളുടെ 16 ഉപജാതികളെ കണ്ടെത്തിയിട്ടുണ്ട്.

സംരക്ഷിക്കപ്പെട്ട ജീവി…

1972-ലെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ് മരപ്പട്ടി.  ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് അഥവാ ഐ.യു.സി.എൻ പ്രസിദ്ധീകരിച്ചിരിക്കുന്ന വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തില്‍ ഏഷ്യന്‍ പാം സിവിയെറ്റ് (Asian palm civet) എന്നറിയപ്പെടുന്ന മരപ്പട്ടിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെ കൊല്ലുകയോ മറ്റോ ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരും.  

എണ്ണത്തില്‍ കൂടതലും, ഏതൊരു സാഹചര്യവുമായി ഒത്തുചേർന്നു പോകാനുള്ള കഴിവും മരപ്പട്ടികളെ വംശനാശ ഭീഷണിയിൽ നിന്നു രക്ഷിക്കുന്നു. എന്നിരുന്നാലും ഇറച്ചിയ്ക്കായി മരപ്പട്ടികളെ കൊല്ലാറുണ്ട്.  വെരുകു വംശത്തിൽ പെട്ട ജീവികളെ അവയുടെ സുഗന്ധോത്പാദന കഴിവുകൊണ്ടും, മരുന്നുകളുണ്ടാക്കാനും പിടിക്കുന്നതിനാൽ, മരപ്പട്ടികളേയും ഇക്കൂട്ടര്‍ പിടികൂടാറുണ്ട്.

Previous Post Next Post