കാസർഗോഡ് : ബിജെപി ശില്പശാലയ്ക്കിടെ പ്രവർത്തകർ തമ്മിൽ സംഘർഷം. മഞ്ചേശ്വരം കുഞ്ചത്തൂർ പഞ്ചായത്തിൽ നടന്ന ശില്പശാലയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ. നവീൻ രാജ് എന്നിവർ അലങ്കോലമാക്കിയത്. പ്രാദേശിക വിഷയങ്ങൾ പരിഹരിക്കാൻ ജില്ലാ പ്രസിഡന്റ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ ബിജെപി ശില്പശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിൽ അവസാനത്തെ ശില്പശാലയായിരുന്നു ഇന്നലെ കുഞ്ചത്തൂർ പഞ്ചായത്തിൽ നടന്നത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ജില്ലാ കമ്മിറ്റി അംഗങ്ങൾ തന്നെ പ്രതിഷേധവുമായി എത്തിയത്.
നേരത്തെ കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നേരിട്ടത്തിയാണ് പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ തന്നെ പ്രതിഷേധവുമായെത്തിയത്. വിഷയം പരിശോധിക്കുമെന്നും, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടി എടുക്കുമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.