ചങ്ങനാശ്ശേരി: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടി പരുക്കേൽപ്പിച്ചു. കരാപ്പുഴ മാറ്റാറ്റ് വീട്ടിൽ രമേശൻ ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയനാണ് പരുക്കേറ്റത്. ബുധനാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.
ഒരു കേസിൽ പ്രതിയായ രമേശൻ ഇതിൻറെ രേഖകളുമായി ബന്ധപ്പെട്ട കാര്യത്തിനാണ് കോടതിയിൽ എത്തിയത്. രാവിലെ സിറ്റിംഗ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് ജഡ്ജിയുടെ ചേംബറിൽ തള്ളി കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പുറത്താക്കുകയായിരുന്നു. വൈകിട്ട് കത്തിയുമായി എത്തിയ ഇയാൾ വീണ്ടും ചേംബറിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയായിരുന്നു. ഈ ശ്രമം തടയുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ വെട്ടുകയായിരുന്നു. പിന്നീട് പൊലീസുകാർ രമേശനെ ബലം പ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു