തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ കൊടങ്ങാവിള സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് ആദിത്യൻ.
ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിൻ എന്ന യുവാവുമായി ആദിത്യൻ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനുശേഷം ഇന്നലെ രാത്രി ജിബിൻ നാലുപേരെ കൂട്ടിയെത്തി ആദിത്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊടുങ്ങാവിള ജംഗ്ഷനിൽ വച്ചായിരുന്നു കൊലപാതകം.
ആദിത്യന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.