'ആനയെ അകറ്റുന്ന തരം തേനിച്ചയെ വളർത്തും, അതും കരടികൾ ഇല്ലാത്ത മേഖലകളിൽ'; തീരുമാനങ്ങൾ വിവരിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനയെ അകറ്റുന്ന പ്രത്യേക തരം തേനിച്ചയെ അനുയോജ്യമായ മേഖലകള്‍ കണ്ടെത്തി വളര്‍ത്താനും യോഗം തീരുമാനിച്ചു. അത്തരം തേനീച്ചകള്‍ കരടികളെ ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നുണ്ട്. അതുകൊണ്ട് കരടികള്‍ ഇല്ലാത്ത മേഖലകളിലാണ് ഇവയെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

വനംവകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 36 വനം ഡിവിഷനുകളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് സര്‍ക്കിള്‍, ഡിവിഷന്‍ തലത്തില്‍ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പഞ്ചായത്ത് തലത്തില്‍ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ആര്‍ആര്‍ടികളിലും മനുഷ്യ - വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലുമായി 900ത്തോളം താല്‍ക്കാലിക വാച്ചര്‍മാരുടെ സേവനം ആവശ്യാനുസരണം വിനിയോഗിച്ച് വരുന്നുണ്ട്. വയനാട് മേഖലയിലെ 66 തോട്ടങ്ങളില്‍ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടിക്കാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണ്. മൂന്നാര്‍ മേഖലയിലെ തോട്ടം ഉടമ/ മാനേജര്‍മാരുടെ യോഗം വനം, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തി. നിലവില്‍ ലഭ്യമായ ജീവനക്കാരെ പുനര്‍വിന്യസിച്ച് 28 ആര്‍ആര്‍ടികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 64 പമ്പ് ആക്ഷന്‍ തോക്കുകള്‍, രണ്ട് ട്രാങ്കുലൈസര്‍ തോക്കുകള്‍, നാല് ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിന് നടപടിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

''പഞ്ചായത്ത് അടിസ്ഥാനത്തില്‍ 264 ജനജാഗ്രതാ സമിതികള്‍ നിലവിലുണ്ട് ഇവയെ ശക്തിപ്പെടുത്തി പ്രവര്‍ത്തനസജ്ജമാക്കുന്നതാണ്. വന്യജീവി സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. വയനാട് വനമേഖലയില്‍ 341ഉം ഇടുക്കിയില്‍ 249ഉം കുളങ്ങള്‍ പരിപാലിച്ചു വരുന്നു. കുളങ്ങള്‍/ചെക്ക് ഡാമുകള്‍ എന്നിവ പുതുതായി നിര്‍മ്മിക്കുന്നതിന് സിഎസ് ആര്‍ ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. വാട്ടര്‍ടാങ്കുകള്‍ നിര്‍മ്മിക്കാനും ആലോചിക്കുന്നുണ്ട്.''-മുഖ്യമന്ത്രി പറഞ്ഞു. 

''വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനുള്ള 13.70 കോടി രൂപയില്‍ 6.45 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 7.26 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിച്ചു വരികയാണ്. മനുഷ്യ-വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി മുഖാന്തരം അനുവദിച്ചിട്ടുള്ള 100 കോടി രൂപക്ക് പുറമേ കിഫ്ബി മുഖേന തന്നെ 110 കോടി രൂപയ്ക്കുള്ള കരട് പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്. ദീര്‍ഘകാല - ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശിയ  ദേശിയ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുന്നതിനുള്ള പ്രപ്പോസല്‍ ഒരാഴ്ചക്കകം ലഭ്യമാകും. വനം വകുപ്പില്‍ വൈല്‍ഡ് ലൈഫ് വെറ്ററിനറി വിഭാഗം ശക്തിപ്പെടുത്തും.'' അധിനിവേശ സസ്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Previous Post Next Post