1250 കോടി ഡോളറിന്റെ തട്ടിപ്പ്; വിയറ്റ്‌നാമിലെ ശതകോടിശ്വരിയെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി





ഹാനോയ് : സാമ്പത്തിക തട്ടിപ്പുകേസില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍ വ്യവസായിയായ വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്‌നാം കോടതി. വാന്‍ തിന്‍ ഫാറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെയാണ് കോടതി ശിക്ഷിച്ചത്. 1250 കോടി ഡോളറിന്റെ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി.

സൈഗണ്‍ കൊമേഴ്ഷ്യല്‍ ബാങ്കില്‍നിന്ന് പത്ത് വര്‍ഷത്തിലേറെയായി ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതിയില്‍ തെളിഞ്ഞു. ആരോപണങ്ങള്‍ നിഷേധിച്ച ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതിയുടെ വിധിപ്രസ്താവം.

സാമ്പത്തിക തട്ടിപ്പുകേസില്‍ 2022 ഒക്ടോബറിലാണ് ലേ അറസ്റ്റിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യമിട്ട് വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി.

എസ്‌സിബി ബാങ്കില്‍ 90 ശതമാനം ഓഹരി സ്വന്തമായുണ്ടായിരുന്ന ലാന്‍, വ്യാജ വായ്പാ അപേക്ഷകള്‍ സംഘടിപ്പിച്ച് ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്. ഇതിന് ഒത്താശചെയ്ത ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയായിരുന്നു തട്ടിപ്പ്. 42,000 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് കണക്ക്. വിചാരണക്കിടെ ലാന്റെ ആയിരത്തില്‍ അധികം സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.
Previous Post Next Post