സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രമായി. 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ മത്സരരത്തുള്ളത് കോട്ടയത്താണ്. പതിനാല് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. അഞ്ചുപേരാണ് മത്സരരംഗത്തുള്ളത്.

വടകരയിലാണ് ഏറ്റവും കുടുതല്‍ വനിതകള്‍ മത്സരിക്കുന്നത്. നാലുപേരാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനെത്തിയ കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹി അബ്ദുള്‍ റഹീം പത്രിക പിന്‍വലിച്ചു.

സിപിഎം സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപരകളാണുള്ളത്. ഷാഫി, ഷാഫി ടിപി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്പിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.

എറണാകുളത്ത് പത്തുപേരും തൃശൂരില്‍ ഒന്‍പത് പേരും കോഴിക്കോട് പതിമൂന്നും ആറ്റിങ്ങലില്‍ ഏഴുപേരും കാസര്‍കോട പത്തുപേരുമാണ് സ്ഥാനാര്‍ഥികള്‍. ചാലക്കുടി മണ്ഡലത്തിൽ 11 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം മണ്ഡലം വരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി. എബ്രഹാം അനുവദിച്ചു. ഭാരത് ധർമ്മജന സേനയുടെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന അനിൽകുമാർ സിജി പത്രിക പിൻവലിച്ചതോടെയാണ് അന്തിമ പട്ടിക 11 ആയത്.
Previous Post Next Post