ചിങ്ങവനത്ത് മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ.


 ചിങ്ങവനം: റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത് വീട്ടിൽ (എറണാകുളം തോപ്പുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) മുഹമ്മദ് നിൻഷാദ് (48) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയക്കുന്നതിന് ഉണ്ടായിരിക്കേണ്ട ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ പനച്ചിക്കാട് സ്വദേശിനിയായ യുവതിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയിൽ ജോലിക്കായി വിദേശത്തേക്ക് 07.03.2024 തീയതി പറഞ്ഞയക്കുകയായിരുന്നു. ഇതിനായി ഇയാൾ വിദേശത്തുള്ള ഏജന്റിൽ നിന്നും പണം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് വിദേശത്ത് എത്തിയ യുവതിക്ക്  പറഞ്ഞ ജോലി നൽകാതെ ഇവരെ കബളിപ്പിക്കുകയായിരുന്നു. യുവതി ഈ വിവരം വീട്ടിൽ അറിയിക്കുകയും, തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിനൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്. ആർ, എസ്.ഐ മാരായ സജീർ, താജുദ്ദീൻ,രാധാകൃഷ്ണൻ, സി.പി.ഓ മാരായ പ്രിൻസ്,സഞ്ജിത്ത്,പ്രകാശ്‌ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്.
Previous Post Next Post