ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമം 90 ശതമാനവും വിജയിച്ചതാണെന്ന് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. വിജയിക്കാനാവാത്ത കാര്യത്തെക്കുറിച്ച് അധികം സംസാരിക്കുന്നില്ലെന്നും ശോഭ പറഞ്ഞു. കേരളത്തിലെ 7 പ്രഗൽഭരായ നേതാക്കളെ സമീപിച്ചിരുന്നു. അതിൽ കോൺഗ്രസിലെയും സിപിഎമ്മിലെയും നേതാക്കളുണ്ട്. വെളിപ്പെടുത്തേണ്ട സമയമാകുമ്പോൾ വെളിപ്പെടുത്തും. പാർട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും ഇനിയും ആവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
ഒരു ഓഫറിന്‍റേയും അടിസ്ഥാനത്തിലല്ല ബിജെപിയിലേക്ക് നേതാക്കളെത്തുന്നത്. അവർ നിൽക്കുന്ന പ്രസ്ഥാനത്തേക്കാൾ നല്ലതാണ് ബിജെപി എന്ന തോന്നലുകൊണ്ടാണെന്നും അവർ പറഞ്ഞു. ഇ.പി.ജയരാജന് എന്നെ അറിയില്ലെങ്കിലും, എന്നെ കണ്ടിട്ടില്ലെങ്കിലും ജാവഡേക്കറെ കണ്ടെന്ന് തൽക്കാലം സമ്മതിച്ചല്ലോ?, ഇപിയെ വിമർശിച്ച മുഖ്യമന്ത്രിക്കാണ് നല്ല നല്ല കൂട്ടുകെട്ടുള്ളതെന്നും ശോഭ പറഞ്ഞു. കരിമണൽ കർത്തയുമായിട്ട്, ദുബായിലെ വലിയ ബിസിനസുകാരുമായിട്ട് ഒക്കെയാണ് കൂട്ട്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ഇത്രയും നെറികെട്ട കൂട്ടുകെട്ടുമായി മുന്നോട്ടു പോയിട്ടുള്ള ഒരാൾ പോലും കേരള രാഷ്ട്രീയത്തിലുണ്ടെന്ന് കരുതുന്നില്ലെന്നും ശോഭ പറഞ്ഞു.