മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തുടര്‍ ഭൂകമ്പങ്ങൾ; നടുങ്ങി തായ്‌വാന്‍





തായ്പേയ്: തായ്‌വാനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങൾ. മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തവണയാണ് ഭൂചലനമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയാണ് ഭൂകമ്പങ്ങളുണ്ടായത്. തായ്പേയ്ക്കും തായ്‌വാന്‍റെ കിഴക്കൻ മേഖലയിലുമായാണ് ചെറുചലനങ്ങൾ ഉണ്ടായത്. ഇതിൽ ഏറ്റവും ശക്തമായ ഭൂകമ്പത്തിന് 6.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് 9 മിനിറ്റിനിടെ മാത്രം 5 തവണയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി.
ഈ മാസം ആദ്യവാരത്തിലുണ്ടായ ഭൂകമ്പത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും നൂറിലേറെ തവണ തായ്‌വാനില്‍ ഭൂചലനങ്ങളുണ്ടായിരുന്നു. ഈ തുടർ ചലനങ്ങൾ പ്രതീക്ഷിക്കപ്പെട്ടതാണെന്നാണ് തായ്വാനിലെ സീസ്മോളജി സെന്‍റർ ഡയറക്ടർ പ്രതികരിക്കുന്നത്. ശക്തമായ മഴ കൂടിയാണ് ഈ ആഴ്ച തായ്‌വാനിൽ പ്രവചിച്ചിട്ടുള്ളത്. അതിനാൽ മറ്റ് നാശനഷ്ടങ്ങളുണ്ടാവാനുള്ള സാധ്യത അവഗണിക്കുന്നില്ലെന്നാണ് സീസ്മോളജി വിഭാഗം വിശദമാക്കുന്നത്. ഭൂകമ്പ സാധ്യത മുൻകൂട്ടികണ്ടുള്ള നിർമ്മാണങ്ങൾക്ക് ഏറെ പ്രശസ്തമാണ് തായ്‌വാന്‍

Previous Post Next Post