അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടി. ഗുജറാത്തിലെ സൂറത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ നാമനിര്‍ദേശ പത്രിക തള്ളി. നാമനിർദേശ പത്രികയിൽ പിന്തുണച്ചവർ പിന്മാറിയതോടെയാണ് പത്രിക അസാധുവായത്.
നിലേഷിനെ നിർദേശിച്ച 3 പേരും നാമനിർദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സത്യവാങ്മൂലം നൽകുകയായിരുന്നു. കൂടാതെ മണ്ഡലത്തിൽ നിലേഷിന്‍റെ ഡമ്മിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സുരേഷ് പദ്ശലയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തിൽ കോൺഗ്രസിന് സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയായി. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഈ 3 പേരെയും കാണാതായിരുന്നു. നിലേഷിനെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്നുപേരെയും ബിജെപി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു