ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം


ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) എടുത്തു കളഞ്ഞു. ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളി എടുക്കാം. പുതിയ മാറ്റം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

നേരത്തെ 65 വയസ്സു വരെയുള്ളവര്‍ക്കു മാത്രമേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാവുമായിരുന്നുള്ളൂ. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ കമ്പനികള്‍ക്കൂ ബാധ്യതയുണ്ടെന്ന് ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനായി കമ്പനികള്‍ക്കു പ്രത്യേക പോളികള്‍ ഡിസൈന്‍ ചെയ്യാം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി കമ്പനികള്‍ക്കു പോളിസികള്‍ തയാറാക്കാം.

എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും അതേസമയം വ്യത്യസ്ത പോളിസികള്‍ തയാറാക്കാന്‍ കമ്പനികളെ പ്രാപ്തമാക്കുകയും ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎ നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗം, എയ്ഡ്‌സ് എന്നിവ ഉള്ളവര്‍ക്ക് പോളിസി നല്‍കുന്നതില്‍നിന്നു കമ്പനികള്‍ക്ക് ഒഴിവാവാനാവില്ലെന്നും ഐആര്‍ഡിഎ വിജ്ഞാപനം പറയുന്നു.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വെയ്റ്റിങ് പിരിയഡ് 48 മാസത്തില്‍നിന്നു 36 മാസമായി കുറയ്ക്കാനും ഐആര്‍ഡിഎ നിര്‍ദേശിച്ചു. 36 മാസത്തിനു ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ ഈ കാലയളവിനു ശേഷം കമ്പനിക്കു ക്ലെയിം നിരസിക്കാനാവില്ല.
Previous Post Next Post