എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിന് വീണ്ടും നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജകാരാൻ ആവശ്യപ്പെട്ട് ഇഡിയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ഹാജരാകാനാണ് നിർദ്ദേശം.
ഇന്നലെ രാത്രിയോടെയാണ് വർഗ്ഗീസിന് നോട്ടീസ് കൈമാറിയത്. ഇന്നലെ ഇഡി ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതോടെ ഇഡി വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വർഗ്ഗീസ് ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറിയത്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഹാജരായാൽ മതിയെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ട് തവണയും ഹാജരായില്ല.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ചോദ്യം ചെയ്യുമ്പോൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്. ഇതിന് പുറമേ മറ്റ് രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്