തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർമാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവൂ എന്നും പോളിംഗ് ദിവസത്തിന് മുന്നേ സ്വന്തം പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ പറഞ്ഞു.
വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950 ആണ് ഇതിന് വേണ്ടി ഉപയോഗിക്കേണ്ടത്. നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് 1950 ലേക്ക് വിളിക്കുമ്പോൾ വോട്ടർ ഐഡിയുടെ നമ്പർ നൽകാനുള്ള സന്ദേശം ലഭിക്കും. നമ്പർ നൽകിയാൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് എസ്എംഎസ് അയച്ചും വിവരങ്ങൾ തേടാം. ECI എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ടശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്എംഎസ് ആയി ലഭിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ eci.gov.in ലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. വെബ്‌സൈറ്റിൽ പ്രവേശിച്ച് ഇലക്ട്രൽ സെർച്ച് എന്ന ഓപ്‌ഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി നമ്പറും സംസ്ഥാനത്തിന്റെ പേരും നൽകിയാൽ വിന്ഡോയിൽ വോട്ടർ പട്ടിക വിവരങ്ങൾ തെളിഞ്ഞുവരും.