പൂരം വിവാദം; തൃശ്ശൂർ പൊലീസ് കമ്മീഷണറെ മാറ്റും, അസിസ്റ്റൻറ് കമ്മീഷണർക്കെതിരെയും നടപടി



തിരുവനന്തപുരം: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയിൽ നടപടി. തൃശ്ശൂർ പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
പൊലീസ് നിയന്ത്രണത്തിൽ വീഴ്ച സംഭവിച്ചോ എന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ചു റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി യോടാണ് റിപ്പോർട്ട് തേടിയത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി. 



Previous Post Next Post