ബംഗളൂരു: കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട് ബിജെപി പ്രവർത്തകനു ദാരുണാന്ത്യം. കെആർ പുരം ഗണേശ ക്ഷേത്രത്തിനു സമീപം ഇന്നലെയാണു സംഭവം. പ്രകാശ് എന്ന പ്രവർത്തകനാണു മരിച്ചത്.
ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭ കരന്ദ്‌ലജെയുടെ കാറിന് അകമ്പടിയായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. മന്ത്രിയുടെ കാറിന്‍റെ ഡോർ തുറന്നപ്പോൾ ഇതു തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ബസ് പ്രകാശിന്‍റെ ശരീരത്തിൽ കയറിയിറങ്ങുകയുമായിരുന്നു. മന്ത്രി കാറിനുള്ളിലിരിക്കുമ്പോഴാണ് സംഭവം. ഡോർ തുറന്നത് മന്ത്രിയാണോ മറ്റാരെങ്കിലുമാണോ എന്നതിൽ വ്യക്തതയില്ല.