'ഇടപെട്ടിരുന്നു'; അനിൽ ആന്‍റണിക്കെതിരായ നന്ദകുമാറിന്‍റെ ആരോപണം സ്ഥിരീകരിച്ച് പി.ജെ. കുര്യൻ






തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്‍റണിക്കെതിരായ കോഴ ആരോപണത്തിൽ വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. അനിൽ ആന്‍റണിയിൽ നിന്നും പണം തിരികെ വാങ്ങിത്തരാൻ ദല്ലാൾ നന്ദകുമാർ സമീപിച്ചെന്നും തുടർന്ന് താൻ പ്രശ്നത്തിൽ ഇടപെട്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, പണം കൊടുക്കണമെന്ന് എ.കെ. ആന്‍റണിയോടാണോ അനിൽ ആന്‍റണിയോടാണോ പറഞ്ഞതെന്ന് താൻ ഓർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടിൽ ഒരാളോടാണ് കാര്യങ്ങൾ പറഞ്ഞത്. സി.ബി.ഐയിലെ നിയമനം സംബന്ധിച്ച് ഒന്നും അറിയില്ല. കൈക്കൂലിയെക്കുറിച്ചോ പണമിടപാട് സംബന്ധിച്ച മറ്റു കാര്യങ്ങളോ ഒന്നും അറിയില്ല, ചോദിച്ചിട്ടില്ല. എന്നാൽ എ.കെ. ആന്‍റണിക്ക് ഇതിൽ പങ്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്‍റണി 25 ലക്ഷം രൂപ വാങ്ങിയതായാണ് ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം. അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും അദ്ദേഹത്തിന്‍റെ ആരോപണത്തിൽ പറയുന്നു. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്‍റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ ഏറെ പണിപ്പെട്ടാണു തിരികെ വാങ്ങിയതെന്നും നന്ദകുമാർ പറയുന്നു
Previous Post Next Post