ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു


ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി സഖ്യവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതൃത്വവുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലുപേജുള്ള രാജിക്കത്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ബാബ്രിയയുടെ ഇടപെടലുകള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ബ്ലോക്ക് തലത്തിലുള്ള നിയമനങ്ങളില്‍ പോലും പിസിസി പ്രസിഡന്റിന് അധികാരം നല്‍കുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി ബ്ലോക്ക് കമ്മിറ്റികളുടെ പ്രവര്‍ത്തനം നിര്‍ജീവമായ സ്ഥിതിയിലാണ്. എഎപി സഖ്യത്തിലെ തുടര്‍നടപടികള്‍ തന്നോട് കൂടിയാലോചിച്ചില്ല. കനയ്യകുമാറിന്റെ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് താന്‍ അറിഞ്ഞതെന്നും അരവിന്ദര്‍ സിങ് ലവ് ലി ചൂണ്ടിക്കാട്ടുന്നു.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിസിസി പ്രസിഡന്റ് പദത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ ധാരണ പ്രകാരം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ലഭിച്ച മൂന്നു സീറ്റുകളില്‍ രണ്ടിലും സംസ്ഥാന കോണ്‍ഗ്രസിന് പുറത്തുള്ളവരാണ് സ്ഥാനാര്‍ത്ഥികളെന്നും ലവ് ലി ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ ഏഴു ലോക്‌സഭ മണ്ഡലങ്ങളാണ് ഉള്ളത്. മെയ് 25 നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Previous Post Next Post