ദുബായ്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം വിതച്ച ദുരന്തത്തില്‍നിന്ന് കരകയറുന്നതിന് മുൻപ് വീണ്ടും മഴ ഭീതിയില്‍ യുഎഇ നിവാസികള്‍. അടുത്ത ആഴ്ച വീണ്ടും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഈ ദുരന്തത്തില്‍നിന്ന് പതുക്കെ കരകയറി വരുന്നതിന് മുൻപാണ് വീണ്ടുമൊരു മഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 23 മുതലുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ചില പ്രദേശങ്ങളില്‍ മഴ തീവ്രമാകാന്‍ സാധ്യതയുണ്ടെന്നും എന്‍സിഎം അറിയിച്ചു. തീരപ്രദേശങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
അഞ്ച് ദിവസത്തെ പ്രവചന ബുള്ളറ്റിനില്‍, അടുത്ത ചൊവ്വാഴ്ച വടക്കുകിഴക്ക് ഭാഗത്തുനിന്ന് തെക്ക് കിഴക്ക് ഭാഗത്തേക്ക് ശക്തമായ കാറ്റ് അടിച്ചുവീശാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കു ശേഷം ഇത് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറുകയും മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ തുടങ്ങി മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 75 വര്‍ഷത്തിനിടയിലുണ്ടായ ശക്തമായ മഴയ്ക്കാണ് യുഎഇ കഴിഞ്ഞ ചൊവ്വാഴ്ച മുതലുള്ള ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ഇതേ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ദുബായ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. വ്യോമ, റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ജനജീവിതം തന്നെ സ്തംഭിക്കുന്ന സ്ഥിതിയുണ്ടായി.
വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറിയതു മൂലം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. ഒട്ടനവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോവുകയോ വെള്ളം കയറിയത് കാരണം കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ പെട്ട് മൂന്ന് ഫിലിപ്പിനോകളും ഒരു യുഎഇ പൗരനും ഉള്‍പ്പെടെ നാലുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.