അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഇന്ന് ഒരു വര്‍ഷം….


കാടും നാടും വിറപ്പിച്ചവന്‍. കാട്ടാനകളില്‍ അരിക്കൊമ്പനോളം പേരെടുത്തവന്‍ വേറെ ഉണ്ടാവില്ല. ഇടുക്കിയിൽ ചിന്നക്കനാലിന്റെയും ശാന്തന്‍പാറയുടേയും ഉറക്കം, വര്‍ഷങ്ങളോളം അപഹരിച്ച കാട്ടുകൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്.2023 ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയത്. ആനയിറങ്കലില്‍ മുങ്ങി നിവര്‍ന്ന്, തേയില ചെരുവകളെ കീഴടക്കി നാടും കാടും അടക്കി വാണിരുന്നവന്‍. ഇഷ്ട ഭക്ഷണമായ അരിയ്ക്കായി അടുക്കളകള്‍ ഇടിച്ച് നിരത്തിയവന്‍, പന്നിയാറിലെ റേഷന്‍ കടയിലെ നിത്യ സന്ദര്‍ശകന്‍.

മതികെട്ടാന്‍ ചോല ഇറങ്ങി വരുന്ന കാട്ടാനകള്‍ ഏറ്റവും ശക്തനും അപകടകാരിയുമായിരുന്നു അരിക്കൊമ്പന്‍. ഇവന്റെ അരി തേടിയുള്ള യാത്രയ്ക്കിടയില്‍ തകര്‍ന്ന വീടുകളും നഷ്ടമായ ജീവനുകളും നിരവധിയാണ്. ഇതോടെയാണ് ആനയെ പിടിച്ചു മാറ്റണമെന്നാവശ്യപെട്ട് നാട്ടുകാര്‍ തുടര്‍ സമരങ്ങള്‍ നടത്തിയത്. ഒടുവില്‍ മയക്ക് വെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചു.അരിക്കൊമ്പന്‍ പോയതോടെ ചിന്നക്കനാലിലെ കാട്ടാന ശല്യം പൂര്‍ണ്ണമായും അവസനിച്ചിട്ടില്ല. ചക്കക്കൊമ്പനും മൊട്ടവാലനും കാട്ടാന കൂട്ടങ്ങളും ഒക്കെ ജനവാസ മേഖലയില്‍ പതിവാണ്. പക്ഷെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേരിയ കുറവുണ്ട്. ഇപ്പോള്‍ അരിക്കൊമ്പന്റെ പാതയില്‍, ചക്കക്കൊമ്പന്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്
Previous Post Next Post