ആകാശവിസ്മയത്തിന് പാറമേക്കാവും തിരുവമ്പാടിയും ഒന്നിച്ച്


തൃശൂർ : പൂരത്തിന്റെ ചരിത്രത്തിലാദ്യമായി പാറമേക്കാവും തിരുവമ്പാടിയും ഒരുമിച്ച് വെടിക്കെട്ട് നടത്താൻ തീരുമാനം.
ഇരു ദേവസ്വങ്ങളുടേയും വെടിക്കെട്ട് നടത്തുന്നത് ഒരേ കരാറുകാരനായതിലാണ് ഒരുമിച്ച് വെടിക്കെട്ട് നടത്തുന്നത്.

 വര്‍ഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ആ സൗഭാഗ്യം കൈ വന്നിരിക്കുന്നത്. സതീഷിന്റെ അച്ഛന്‍ മണിപാപ്പനും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു.

 സാങ്കേതിക പ്രശ്‌നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരനു ലൈസന്‍സ് നല്‍കാന്‍ പ്രയാസമായതോടെ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

 തുടര്‍ന്നു നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഒരേ കരാറുകാരന്‍ മതിയെന്നു തീരുമാനിച്ചത്. ഇരു വിഭാഗത്തിനുമായി കരാറില്‍ സതീഷ് ഒപ്പുവെച്ചു. തൃശൂര്‍ പൂരത്തിനു ശക്തമായ മത്സരം നടക്കുന്നതു കുടമാറ്റത്തിനും വെടിക്കെട്ടിനുമാണ്. അതീവ രഹസ്യമായാണു വെടിമരുന്നു തയാറാക്കുന്നതും പൊട്ടിക്കുന്നതും.
 പരിചയമില്ലാത്തവരെയോ മറുപക്ഷക്കാരെന്നു കരുതുന്നവരെയോ മുമ്പ് വെടിക്കെട്ടു പുരയിലേക്കു പോലും കടത്താറില്ലായിരുന്നു. ഒരേ കരാറുകാരന്‍ വെടിക്കെട്ടൊരുക്കുന്നത് ഇതാദ്യമാണ്.

 സൗഹൃദ മത്സരാടിസ്ഥാനത്തില്‍ നടക്കുന്നതാണ് തൃശൂര്‍ പൂരം വെടിക്കെട്ട്. ഇരുവിഭാഗവും രഹസ്യമായി എന്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നത് പൊട്ടിക്കഴിയുമ്പോള്‍ മാത്രമേ പൂരപ്രേമികള്‍ അറിയാറുള്ളൂ. ദേവസ്വങ്ങളുടെ വെടിക്കെട്ട് ചുമതലയുള്ള കമ്മിറ്റിക്കാര്‍ക്ക് പോലും ഇക്കാര്യം രഹസ്യമായിരിക്കും.

 17നാണ് പൂരം സാമ്പിള്‍ വെടിക്കെട്ട്. പ്രധാന വെടിക്കെട്ട് 20ന് പുലര്‍ച്ചെ നടക്കും. ഉപചാരം ചൊല്ലിയതിന് ശേഷം ഉച്ചയ്ക്കും വെടിക്കെട്ട് ഉണ്ടാകും.
Previous Post Next Post