പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തിൽനിന്നും വടത്തിൽ തട്ടി മനോജ് ഉണ്ണി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വാഹനത്തിന്റെ വേഗത കണ്ട് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
രാത്രി ഒമ്പതരയോടെയാണ് കൊച്ചി നഗരമധ്യത്തിൽ വളഞ്ഞമ്പലത്ത് വെച്ച് അപകടമുണ്ടാകുന്നത്. പനമ്പിള്ളി നഗർ ഭാഗത്തുനിന്ന് എംജി റോഡിലേക്ക് വരികയായിരുന്നു മനോജ്. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പ്രധാനമന്ത്രി വരുന്നതിനാൽ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് വടം കെട്ടിയിരുന്നത്. യുവാവ് പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോവുകയായിരുന്നു. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു.
അതേസമയം, വടം പെട്ടെന്ന് ശ്രദ്ധയിൽ പെടാൻ ബുദ്ധിമുട്ടാണെന്നും പോലീസാണ് അപകടത്തിന്റെ ഉത്തരവാദികളെന്നും ആരോപിച്ച് മനോജിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വടത്തിനു പകരം ബാരിക്കേഡ് ഉപയോഗിച്ചിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. റോഡിന് കുറുകെ വടം കെട്ടുമ്പോള്‍ സാധാരണയായി വേണ്ട മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍ അപകടമുണ്ടായിടത്ത് ബാരിക്കേടുകള്‍ പോലുളള ക്രമീകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്