പാനൂർ ബോംബ് സ്ഫോടന കേസിൽ പൊലീസിനെ ന്യായീകരിച്ച് ഇ പി ജയരാജൻ




കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ പൊലീസിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കുറ്റക്കാരെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യും. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. മുഖം നോക്കാതെ നടപടി എടുക്കും. പാർട്ടി നോക്കി നിലപാട് എടുക്കില്ല. പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് പലരും പിടിക്കപ്പെടുന്നത്. സിപിഐഎം ചെയ്തതായി വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണ്. പാനൂരിലേത് രണ്ട് ടീമുകൾ തമ്മിലുള്ള പ്രശ്നമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് വലിയ നേതാവൊന്നും അല്ല. ഡിവൈഎഫ്ഐക്ക് ലക്ഷക്കണക്കിന് അംഗങ്ങൾ ഉണ്ട്‌. ഒരാൾ തെറ്റ് ചെയ്താൽ അത് ഡിവൈഎഫ്ഐയുടെ തലയിൽ ഇടുകയാണോ. നാദാപുരം ലീഗ് കേന്ദ്രത്തിലേതും ബോംബ് സ്ഫോടനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണിക്കെതിരായ ടി ജി നന്ദകുമാറിന്റെ ആരോപണത്തെ ഇ പി ജയരാജൻ പിന്തുണച്ചു. അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് കോഴ ആരോപണം കാരണമാകാം. ഭയാനകമായ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഇ പി ജയരാജൻ പരിഹസിച്ചു. പാനൂർ സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം അവർക്ക് കേന്ദ്ര ഏജൻസികളെയാണ് വിശ്വാസം എന്നതിനാലാണ്. സോണിയ ഗാന്ധിക്കെതിരായ കേസിലും കോൺഗ്രസിന് ഇതേ നിലപാടാണോ. കോൺഗ്രസിന്റെ പ്രകടനപത്രിക വി ഡി സതീശൻ വായിച്ചിട്ടില്ല. സിഎഎ പ്രകടനപത്രികയിൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. പ്രകടനപത്രികയുമായി മാധ്യമപ്രവർത്തകർ പോയപ്പോൾ അത്തരമൊരു ഭാഗം അതിലില്ലെന്നും ഇ പി ജയരാജൻ പരിഹസിച്ചു
Previous Post Next Post