പിഡിപി പിന്തുണ എല്‍ഡിഎഫിന്; തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിഡിപി





തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്. പാര്‍ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിഡിപി അറിയിച്ചു.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സംബദ് വ്യവസ്ഥ ബിജെപി. ഭരണത്തില്‍ തകര്‍ന്നിരിക്കുന്നു.പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ ഫാസിസ്‌റ്റുവല്‍ക്കരിക്കപ്പെടുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഗണിക്കാതെ വര്‍ഗീയതയും വിദ്വേഷവും ഭരണകൂടം തന്നെ പ്രചരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി ജനതയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഫാസിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പിഡിപി വിലയിരുത്തുന്നു.

തൊണ്ണൂറുകളില്‍ ബാബരി ധ്വംസനത്തിന്റേയും ഫാസിസം ഉയര്‍ത്തിയ സാമൂഹിക വെല്ലുവിളികളുടേയും പശ്ചാത്തലത്തില്‍ അരക്ഷിതാവസ്ഥയിലേക്കും ജനാധിപത്യവിരുദ്ധതയിലേക്കും വഴിമാറി പോകുമായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതലമുറയെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ ഒരുമിപ്പിച്ച് നിര്‍ത്തിയതും ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ദലിത് -പിന്നോക്ക -മതന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കും മുന്നേറ്റത്തിനും വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് പിഡിപി. പാര്‍ട്ടിയുടെ അസ്ഥിത്വവും പ്രത്യയശാസ്ത്ര നിലപാടുകളും തിരിച്ചറിയുകയും ജനാധിപത്യ പ്രക്രിയയില്‍ അവസരവും അംഗീകാരവും നല്‍കിയ രാഷ്ട്രീയ സംവിധാനമാണ് ഇടതുമുന്നണിയെന്നത് കൂടി അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കാരണമായിട്ടുണ്ടെന്നും പിഡിപി നേതൃത്വം പറയുന്നു.

സംഘ്പരിവാറിനും ഫാസിസത്തിനുമെതിരെ താരതമ്യേന മികച്ച രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ ഏറെ വര്‍ഷങ്ങളായി പിഡിപിയുടെ രാഷ്ട്രീയ നിലപാട് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്ന സമീപനത്തോടെയായിരുന്നു. മുന്നണിയുടെ നയങ്ങളോടും നിലപാടുകളോടും ഇടതുഭരണകൂടം കൈക്കൊള്ളുന്ന പല തീരുമാനങ്ങളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അത്തരം തീരുമാനങ്ങള്‍ക്കെതിരെ ജനാധിപത്യ വിയോജിപ്പ് തുടരുകയും ചെയ്യും. മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണി ബി.ജെ.പി.ക്കെതിരെ രാഷ്ട്രീയ ബദലിന് ശ്രമിക്കുന്നത് രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ സംഘ്പരിവാരത്തോടും ബിജെപിയോടും രാഷ്ട്രീയസന്ധി ചെയ്യാത്ത ഇടതുമുന്നണി രാജ്യത്തെ പ്രധാന കക്ഷിയായി നിലനില്‍ക്കേണ്ടതുണ്ടെന്ന് കേന്ദ്രകമ്മിറ്റിയും തെരഞ്ഞെടുപ്പ് സമിതിയും വിലയിരുത്തിയെന്നും പിഡിപി നേതൃത്വം പറയുന്നു.

മതേതര ജനാധിപത്യ സഖ്യമായ ഇന്‍ഡ്യ മുന്നണിയിലൂടെ ബിജെപി. നേതൃത്വത്തിലുള്ള സഖ്യത്തെ പരാജയപ്പെടുത്തി ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ഇടതു മതേതര ചേരി കൂടി ശക്തമായി തിരിച്ച് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് കേരളീയ പൊതുസമൂഹം ശക്തമായ രാഷ്ട്രീയ പിന്തുണയും മികച്ച വിജയവും നല്‍കണം. നിര്‍ണ്ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിനായി ശക്തമായ ബഹുജന കാംപയിനുമായി പിഡിപി പ്രവര്‍ത്തകര്‍ രംഗത്തുണ്ടാകും. ഏതാനും മണ്ഡലങ്ങളില്‍ ബി.ജെ.പി. ഉയര്‍ത്തുന്ന രാഷ്ട്രീയ ഭീഷണി കേരളത്തിന്റെ പൊതുവായ മതേതര രാഷ്ട്രീയ ഭൂമികക്ക് ഭീഷണി ആയതിനാല്‍ ഫാസിസത്തിനെതിരെയുള്ള മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കത്തക്ക നിലയില്‍ ഇടതുമുന്നണിക്കനുകൂലമാക്കാന്‍ കൂട്ടായി പരിശ്രമിക്കുമെന്നും പിഡിപി നേതൃത്വം പറഞ്ഞു.

എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്ന പിഡിപി സംസ്ഥാന നേതൃയോഗത്തിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ അഡ്വ മുട്ടം നാസര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി എ മുഹമ്മദ് ബിലാല്‍ തെരഞ്ഞെടുപ്പ് നിലപാട് പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മേയറും സിപിഐഎം നേതാവുമായ അഡ്വ.എം.അനില്‍ കുമാര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. പിഡിപി വൈസ്ചെയര്‍മാന്മാരായ എം സിയാവുദ്ദീന്‍ , ശശി പൂവഞ്ചിന, ജനറല്‍ സെക്രട്ടറിമാരായ വി എം അലിയാര്‍ , മുഹമ്മദ് റജീബ്, അജിത്കുമാര്‍ ആസാദ്, മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, സംസ്ഥാന ട്രഷറര്‍ ഇബ്രാഹീം തിരൂരങ്ങാടി , സെക്രട്ടറി സലിം ബാബു, രാജി മണി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
Previous Post Next Post