കുടുംബമെന്ന വ്യാജേനെ കാറില്‍ കറങ്ങി ലഹരി വിൽപന; മലപ്പുറത്ത് യുവതിയും സുഹൃത്തും പിടിയില്‍


മലപ്പുറം : കുടുംബം എന്ന വ്യാജേന കാറില്‍ സഞ്ചരിച്ച് എംഡിഎംഎ വിറ്റ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. മലപ്പുറത്തെ കേന്ദ്രികരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ യുവതിയും ഇവരുടെ സുഹൃത്തും ആണ് പിടിയിലായത്. 

ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷീര്‍ എന്നിവരാണ് പോലീസ് പിടിയിലായത് .ഇവരിൽ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി .ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

പിടിച്ച ലഹരി വസ്തുവിന് ഒന്നര ലക്ഷത്തോളം വിലവരുമെന്ന് പൊലീസ് അറിയിച്ചു.ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ.

 മുന്‍പും നിരവധി തവണ ലഹരി വസ്തുക്കള്‍ ഇവര്‍ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
Previous Post Next Post