അക്രമികൾ ലക്ഷ്യമിട്ടത് സൽമാനെ കൊല്ലാനെന്ന് മുംബൈ പൊലീസ്വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല






മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്‍റെ വസതിക്കു നേരേ വെടിയുതിർത്ത അക്രമികളുടെ ലക്ഷ്യം അദ്ദേഹത്തെ വധിക്കുക തന്നെയായിരുന്നു എന്ന് മുംബൈ പൊലീസിന്‍റെ വെളിപ്പെടുത്തൽ. ഞായറാഴ്ച ബാന്ദ്രയിലെ വസതിക്കു നേരേ വെടിവച്ച ശേഷം ഒളിവിൽ പോയ വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നീ പ്രതികൾ ഇപ്പോൾ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് ഇവർ പിടിയിലായത്.
അക്രമികൾ മോട്ടോർ സൈക്കിളിലാണ് എത്തിയതെന്നും, ഗുപ്ത ഓടിച്ച ബൈക്കിന്‍റെ പിന്നിലിരുന്ന പാൽ നിറയൊഴിക്കുകയായിരുന്നു എന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, ഏപ്രിൽ 25 വരെയാണ് കസ്റ്റഡി അനുവദിച്ചത്.
പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും, സൽമാൻ ഖാനെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നു വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
മറ്റാരെയെങ്കിലും ആക്രമിക്കാൻ ഇവർ പദ്ധതി തയാറാക്കിയിരുന്നോ എന്ന് ചോദ്യം ചെയ്യലിലൂടെയേ വ്യക്തമാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു.
അതേസമയം, വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്കും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന്‍റെ ആസൂത്രണത്തിൽ വിദേശ പങ്കാത്തവും തള്ളിക്കളയാൻ സാധിക്കില്ല. ഫെയ്സ്ബുക്കിലൂടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തി വിദേശത്തുനിന്നാണ് ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നതെന്നു വ്യക്തമായിട്ടുണ്ട്. പോർച്ചുഗലിലാണ് ഈ അക്കൗണ്ടിന്‍റെ ഐപി അഡ്രസ് ട്രേസ് ചെയ്തിരിക്കുന്നത്
Previous Post Next Post