സുല്‍ത്താന്‍ ബത്തേരി: ഡ്രൈവിങ് ടെസ്റ്റ് വിജയിപ്പിച്ച് നല്‍കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായ സൂചനയെത്തുടര്‍ന്ന് ടെസ്റ്റിനിടെ ബത്തേരിയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന.
പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ പിരിച്ച പണവുമായി ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരന്‍ അറസ്റ്റിലായി. ബത്തേരിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന സുരേഷ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. മറ്റു ഡ്രൈവിങ് സ്‌കൂളുകാരില്‍നിന്ന് പിരിച്ചെടുത്ത 14,300 രൂപയും പണം നല്‍കിയവരുടെ പേരുകളും വിവരങ്ങളുമെഴുതിയ ഡയറിയും ഇയാളില്‍നിന്ന് വിജിലന്‍സ് കണ്ടെടുത്തു.
ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റും നാലുചക്ര വാഹനങ്ങളുടെ ടെസ്റ്റും വിജയിപ്പിക്കുന്നതിന് വെവ്വേറെ തുകയാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നതെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂളുകാരില്‍നിന്ന് പണം പിരിക്കുന്ന ചുമതല സുരേഷ് കുമാറിനാണ്. വാരാന്ത്യത്തില്‍ തുക ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ കൈമാറുമെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. വിജിലന്‍സ് ഡിവൈ.എസ്.പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സി.ഐ എ.യു. ജയപ്രകാശ്, എ.എസ്.ഐമാരായ പ്രമോദ്, ജോണ്‍സണ്‍, എസ്.സി.പി.ഒമാരായ ബാലന്‍, ഗോപാലകൃഷ്ണന്‍, സുബിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.