'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'; ഇപി ജയരാജനെതിരെ മുഖ്യമന്ത്രി




കണ്ണൂര്‍: എൽഡിഎഫ് കൺവീനർ ഇപി ജയരാനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപി ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇപി ജയരാജൻ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. എന്നാൽ ഇന്ന് കേരളം സംശയത്തോടെ നോക്കുന്ന ഒരാൾ അതിന് സാക്ഷ്യ വഹിച്ചു എന്നുള്ളതാണ് മറ്റൊരു കാര്യം. അയാൾക്കാണെങ്കിൽ പണം മാത്രമാണ് വേണ്ടത്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങൾ നിരത്തുന്ന ആളാണ് അത്.

'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും' എന്നൊരു ചൊല്ലുണ്ട്. എന്നു പറയുന്നതു പോലെ ഇത്തതരം ആളുകളോട് സ്നേഹബന്ധം സൂക്ഷിക്കുന്നത് അപകടമാണ്. ഇപി ജയരാജൻ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ബിജെപിയും യുഡിഎഫും ഓരേ രീതിയിലാണ് പ്രചാരണം നടത്തുന്നത്. ബിജെപിക്ക് എതിരെ രാജ്യത്തിനുള്ളിൽ വലിയൊരു ജനമുന്നേറ്റമാണ് നടത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വീകാര്യതയില്ല. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിനെതിരെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നും വിജയിച്ചു പോയ യുഡിഎഫ് എംപിമാരും കേരളത്തിന് വേണ്ടി ശബ്ദം ഉയർത്തിയിട്ടില്ല അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് അതിനുള്ള മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post