കഴിഞ്ഞ ദിവസങ്ങളിൽ ഷാർജയിൽ പെയ്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ അകന്നുപോയ മലയാളി കുടുംബം നാല് ദിവസങ്ങൾക്ക് ശേഷം ഒന്നിച്ചു. തിരുവല്ല പുറമറ്റം സ്വദേശിയായ ജോജോ വർഗീസാണ് ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും പിരിഞ്ഞിരുന്നത്. ജോജുവും മകൾ നെരിയ മറിയവും താമസ സ്ഥലത്ത് കുടുങ്ങി പോവുകയായിരുന്നു. ഭാര്യ റൂബിയും ഒമ്പത് മാസം പ്രായമുള്ള മകൻ നേവദും ആശുപത്രിയിലും പിന്നീട് സുഹൃത്തിന്റെ വീട്ടിലുമായിരുന്നു.
ഏപ്രിൽ 16ന് രാവിലെ മകന് സുഖമില്ലാതിരുന്നതിനാൽ ജോജു ഭാര്യയും മകനുമൊപ്പം ആശുപത്രിയിലേക്ക് പോയി .മകനെ ആശുപത്രിയിൽ അഡ്മിറ്റാക്കി, തുടർന്ന് സാധനങ്ങൾ എടുക്കുന്നതിനായി ജോജോ താമസസ്ഥലത്തേക്ക് എത്തിയപ്പോളാണ് ശക്തമായ മഴ തുടങ്ങിയത് . കുറഞ്ഞ സമയം കൊണ്ട് എമിറേറ്റ് മുഴുവൻ വെള്ളത്തിലായി. ജോജോ താമസിച്ചിരുന്ന ഫ്ലാറ്റിനും ചുറ്റും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിയും നിലച്ചു. അതോടെ ജോജോയും മകൾ നെരിയ മറിയവും ഫ്ലാറ്റിൽ കുടുങ്ങിപ്പോവുകയായിരുന്നു.
മകനെ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 17ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെങ്കിലും പുറത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നതിനാൽ ആശുപത്രിയിൽ തുടരാൻ നിർദേശം നൽകുകയായിരുന്നു. അടുത്ത ദിവസം ആശുപത്രി വിട്ട അവരെ അൽഖാനിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. അതിനിടെ ജോജോയും മകളും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു മാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ വീണ്ടും ഒന്നിച്ചത്.