കണ്ണൂർ : ഇപി-ജാവദേക്കർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ തൊടാൻ സിപിഎംന് ഭയമാണെന്ന് കെ സുധാകരൻ.
ഇ പി ജയരാജനെ പാർട്ടി സംരക്ഷിച്ചത് പിണറായി വിജയനെയും അഴിമതി നിറഞ്ഞ സിപിഐഎമ്മിനെയും രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇ പി യെ സിപിഐഎം നോവിക്കില്ല. ഇ പി യെ തൊട്ടാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അകത്ത് പോകേണ്ടി വരുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന കക്ഷിയാണ് ഇ പി ജയരാജൻ .അതുകൊണ്ട് തന്നെ അദ്ദേഹത്തെ തൊട്ടാൽ കൊട്ടാരം മൊത്തം കത്തുമെന്നും സുധാകരൻ ആരോപിച്ചു.അതിനാൽ ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരൻ പറഞ്ഞു.സെഞ്ച്വറി അടിച്ച പ്ലെയറെപ്പോലെ അല്ലേ ഇപി സിപിഐഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങിപ്പോയത് .
ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നാണ് സിപിഐഎം ജയരാജന് നൽകിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകൾക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാർട്ടി നൽകിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പരിഹസിച്ചു.