തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?; വിമര്‍ശനവുമായി ബിജെപി


ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?. തലതല്ലിപ്പൊളിക്കുന്നവര്‍ക്ക് വേണ്ടി വോട്ടു പാഴാക്കരുതെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല അഭിപ്രായപ്പെട്ടു.

ജംഗിള്‍ രാജും അഴിമതിയും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടികളുടെ ഗ്രൂപ്പാണ് ഇന്ത്യാ മുന്നണി. സ്വന്തം കുടുംബാധിപത്യത്തെയും അഴിമതിയുടെ രാഷ്ട്രീയത്തെയും രക്ഷിക്കാന്‍ മാത്രമാണ് അവര്‍ ഒന്നിച്ചതെന്നും ഷെഹ്‌സാദ് ആരോപിച്ചു. രാജ്യത്തെക്കുറിച്ച് പൊതുവായ ദൗത്യവും കാഴ്ചപ്പാടും ഇല്ലാത്തതിനാലാണ് റാലിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

എന്ത് തരത്തിലുള്ള സഖ്യമാണ് ഇത് ? റാഞ്ചിയിലെ ഇന്ത്യന്‍ സഖ്യത്തിന്റെ സംയുക്ത പൊതുറാലിയില്‍, കസേരകളും മേശകളും സ്റ്റൂളുകളും ലാത്തികളും പ്രവര്‍ത്തകര്‍ പരസ്പരം എറിയുകയായിരുന്നു. ഇന്ന് അവര്‍ പരസ്പരം തല തകര്‍ക്കുന്നു. അബദ്ധത്തിലെങ്ങാനും അവര്‍ അധികാരത്തില്‍ വന്നാല്‍ എന്ത് തന്നെ തല്ലിത്തകര്‍ക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഷെഹ്‌സാദ് പൂനെവാല വീഡിയോ സന്ദേശത്തില്‍ പറഞ്ഞു
Previous Post Next Post