16 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം; കാനഡയില്‍നിന്ന്‌ ഇന്ത്യക്കാരനെ നാടുകടത്തും





ടൊറന്റോ: കാനഡിയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവറെ നാട് കടത്തും. കാല്‍ഗറിയിലെ ട്രക്ക് ഡ്രൈവറായ ജസ്‌കിരത് സിങ് സിദ്ധുവിനെയാണ് നാടുകടത്തുക. 2018ല്‍ 16 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തെ തുടര്‍ന്നാണ് നീക്കം.

2018 ഏപ്രില്‍ 6 നാണ് സംഭവം നടന്നത്. സസ്‌കാച്ചെവന്‍ പ്രവിശ്യയിലെ ടിസ്‌ഡെയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയില്‍ സ്റ്റോപ്പ് സൈന്‍ ലംഘിച്ച് ഹംബോള്‍ട്ട് ബ്രോങ്കോസ് ജൂനിയര്‍ ഹോക്കി ടീമിന്റെ ബസിലേക്ക് ജസ്‌കിരത് സിങ് ഓടിച്ചിരുന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ജസ്‌കിരത് സിങ് സിദ്ധുവിന് കാനഡയില്‍ സ്ഥിരതാമസമത്തിന് അനുമതിയുണ്ടെങ്കിലും കനേഡിയന്‍ പൗരനല്ല. ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെ നാടുകടത്താന്‍ അനുവദിക്കുന്ന നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് നടപടിയെടുത്തത്.

ഗുരുതരമായ അപകടമുണ്ടാക്കിയതിന് സിദ്ധുവിന് എട്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പക്ഷേ പിന്നീട് പരോള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബറില്‍, സിദ്ധുവിന്റെ അഭിഭാഷകന്റെ അപേക്ഷകള്‍ ഫെഡറല്‍ കോടതി തള്ളിയിരുന്നു.

Previous Post Next Post