യുഡിഎഫിന് 17 സീറ്റ് വരെ, എല്‍ഡിഎഫിന് 3 – 5; വീണ്ടും പ്രവചനവുമായി റാഷിദ് സിപി


കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ കേരളത്തിന്റെ സീറ്റ്‌നില സംബന്ധിച്ച് പ്രവചനവുമായി റാഷിദ് സി പി. യുഡിഎഫിന് 14 മുതല്‍ 17 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിച്ചേക്കാം. എന്‍ഡിഎയ്ക്ക് പരമാവധി ഒരു സീറ്റ് മാത്രമാകും ലഭിക്കുകയെന്നുമാണ് റാഷിദ് സിപിയുടെ പ്രവചനം.

നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയ ആളാണ് റാഷിദ്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായ ഭരണ വിരുദ്ധ വികാരം എന്ന പ്രധാന ഫാക്ടറിനെ ഒരു പരിധി വരെ പ്രചാരണ ഘട്ടങ്ങളില്‍ ചര്‍ച്ചയാകാതെ കൊണ്ടുപോകാന്‍ ഇടതുപക്ഷം വിജയിച്ചുവെന്നാണ് റാഷിദിന്റെ നിരീക്ഷണം. മലയാളികളില്‍ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിന് ഏറെ നാള്‍ മുമ്പ് തന്നെ വോട്ട് ആര്‍ക്ക് എന്നതില്‍ തീരുമാനം എടുക്കുന്നവര്‍ ആയതുകൊണ്ട് തന്നെ ജനവിധിയില്‍ വലിയ മാറ്റം നിലവില്‍ പ്രതീക്ഷിക്കുന്നില്ലെന്നും റാഷിദ് പറയുന്നു.

നേരത്തെ വടകര മണ്ഡലത്തിലെ വിജയവും റാഷിദ് പ്രവചിച്ചിരുന്നു. ഷാഫി പറമ്പിലിനാണ് അദ്ദേഹം വിജയം പ്രവചിച്ചത്. വടകരയില്‍ ഷാഫി പറമ്പിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിച്ചത്. ‘ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു’ എന്നും റാഷിദ് അഭിപ്രായപ്പെട്ടിരുന്നു.

റാഷിദ് സിപിയുടെ പ്രവചനം

യു ഡി എഫ് 14 – 17 ( 42.5 % – 46 % )

എല്‍ ഡി എഫ് 3 – 5 ( 37.5 % – 41 % )

എന്‍ ഡി എ 0 – 1 ( 14 % – 18.5 % )

ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായ ഭരണ വിരുദ്ധ വികാരം എന്ന പ്രധാന ഫാക്ടറിനെ ഒരു പരിധി വരെ, പ്രചരണ ഘട്ടങ്ങളില്‍ ചര്‍ച്ച ആവാതെ കൊണ്ട് പോവുന്നതില്‍ ഇടത് പക്ഷം വിജയിച്ചിരുന്നു. അപ്പോഴും മലയാളികളില്‍ മഹാ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിന് ഏറെ നാള്‍ മുമ്പ് തന്നെ വോട്ട് ആര്‍ക്ക് എന്നതില്‍ തീരുമാനം എടുക്കുന്നവര്‍ ആയത് കൊണ്ട് തന്നെ, ഈ നാടിന്റെ ജനവിധിയില്‍ വലിയ മാറ്റം നിലവില്‍ പ്രതീക്ഷിക്കേണ്ടതില്ല. 
Previous Post Next Post