യുകെയില്‍ 20 വര്‍ഷത്തെ സേവനങ്ങള്‍ക്കു ശേഷം ഫാ. സജി മലയില്‍പുത്തന്‍പുര നാട്ടിലേക്ക്; മാഞ്ചസ്റ്ററില്‍ ഹൃദ്യമായ യാത്രയയപ്പ്



യുകെയിലെ ക്നാനായ സമൂഹത്തിന്റെ ആത്മീയ ഗുരുവും മാഞ്ചസ്റ്റര്‍ തിരുന്നാള്‍, യുകെകെസിഎ എന്നിവയുടെ തുടക്കക്കാരനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറലുമായ ഫാ. സജി മലയില്‍പുത്തന്‍പുര നീണ്ട ഇരുപതു വര്‍ഷത്തെ അജപാലക ശുശ്രൂഷകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. കോട്ടയം എടക്കാട് ഫൊറോനാ പള്ളി വികാരി, കാരിത്താസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയക്ടര്‍ എന്നീ ചുമതലകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് യുകെയിലെ സീറോ മലബാര്‍ സമൂഹവും ക്നാനായ സമൂഹവും ഒത്തുചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കുവാന്‍ ഒരുങ്ങുകയാണ്. ഈമാസം 11ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ പാര്‍സ്വുഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് പരിപാടി നടക്കുക.
യുകെയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ മലയാളി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചക്കായി സമുദായ റീത്തു വിത്യാസങ്ങളിലാതെ ഏവരെയും ഒരുമിച്ചുചേര്‍ക്കുന്നതിനും അവരുടെ ആത്മീയ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഫാ.സജി മലയില്‍പുത്തന്‍പുര. പിന്നീട് മലയാളി സമൂത്തിന്റെ വേദനകളിലും സന്തോഷങ്ങളിലും ഓടിയെത്തിയ ഫാ.സജി മലയില്‍പുത്തന്‍പുര വിശ്വസികളുടെ ആത്മീയ വളര്‍ച്ചക്കായി ഏറെ ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ രൂപീകരിക്കുകയും അത് കാര്യക്ഷമായി നടപ്പിലാക്കുന്നതിനുമായി അഹോരാത്രം പ്രയത്‌നിച്ചു.
ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിന്നുകൊണ്ട് യുകെയില്‍ എമ്പാടും ഓടിനടന്നു പ്രവര്‍ത്തിച്ച ഫാ. സജി മലയില്‍പുത്തന്‍പുര ആണ് 'യുകെയുടെ മലയാറ്റൂര്‍' എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിന്റെയും യുകെകെസിഎയുടെയും തുടക്കക്കാരന്‍.

2005 സെപ്റ്റംബറില്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഫാ.സജി മലയില്‍പുത്തന്‍പുര ഷ്രൂഷ്ബറി രൂപതയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ കൂടാതെ ചെസ്റ്റര്‍, ക്രൂ, നോര്‍ത്ത്വിച്ച്, സ്റ്റോക്‌പോര്‍ട്, മാക്കസ്ഫീല്‍ഡ്, ടെല്‍ഫോര്‍ഡ് എന്നിവിടങ്ങളിലും ലിവര്‍പൂളില്‍ പ്രെസ്‌കോട്ടിലും സെന്റ് ഹെലന്‍സിലും മാസ്സ് സെന്ററുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വിശ്വാസികളെ ഒരുമിച്ചു ചേര്‍ക്കുന്നതിനും അവരുടെ ആത്മീയ വളര്‍ച്ചയിലും പങ്കാളിയായി.

2006ല്‍ മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിനോട് അനുബന്ധിച്ചു സെന്റ് തോമസ് ആര്‍ സി സെന്ററിനും സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിനും തുടക്കം കുറിച്ചു.

മറുനാട്ടില്‍ എത്തിയപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാല്‍ അനുഭവങ്ങള്‍ പിന്നീട് ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്ററിലും അനുഭവവേദ്യമായി. മുത്തുക്കുടകളും പൊന്‍ വെള്ളി കുരിശുകളുമെല്ലാം നാട്ടില്‍ നിന്നുമെത്തിച്ചു മാഞ്ചസ്റ്ററില്‍ പെരുന്നാള്‍ തുടങ്ങിയതോടെ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തിതുടങ്ങി. 2008ല്‍ യുവജനങ്ങള്‍ക്കായി സാന്തോം യൂത്ത് ആരംഭിക്കുകയും യുകെകെസിഎയ്ക്ക് തുടക്കം കുറിക്കുകയും ചെയ്ത ഫാ.സജി മലയില്‍പുത്തന്‍പുര പതിനെട്ടു വര്‍ഷക്കാലത്തോളം യുകെകെസിഎയുടെ സ്പിരിച്യുല്‍ ഡയറക്ടറായും സേവനം ചെയ്തു.

2011ല്‍ ക്നാനായ യുവജനങ്ങള്‍ക്കായി യുകെകെസിവൈഎല്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് 2014 ഡിസംബറില്‍ മാഞ്ചസ്റ്ററില്‍ ക്നാനായ ചാപ്ലയന്‍സി അനുവദിച്ചപ്പോള്‍ യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയനായി ഫാ.സജി മലയില്‍പുത്തന്‍പുര. ഷ്രൂഷ്ബറി രൂപതാ ചാപ്ലയനായി സെന്റ് ജോണ്‍ ഫിഷര്‍ആന്‍ഡ് സെന്റ് തോമസ് മൂര്‍, സെന്റ് ആന്റണീസ് എന്നീ ദേവാലയങ്ങളിലും ഹോസ്പിറ്റല്‍ ചാപ്ലയനായും സേവനം ചെയ്തു.

യുകെയിലെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫാ.സേവ്യര്‍ ഖാന്‍ വേട്ടയിലിന്റെ നേതൃത്വത്തില്‍ നടത്തിയതും ഫാ.സജി മലയില്‍പുത്തന്‍പുരയുടെ മികച്ച സംഘടക മികവിന്റെ ഉദാഹരണമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍ വന്നപ്പോള്‍ രൂപതയുടെ വികാരി ജനറലും ഒപ്പം ക്നാനായ സമൂഹത്തിന്റെ അധിക ചുമതലയും സജി മലയില്‍പുത്തന്‍പുരയെ തേടിയെത്തി. 2018 ഡിസംബറില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ബിഷപ്പ് ആയിരുന്ന മാര്‍.ജോര്‍ജ് ആലഞ്ചേരി ക്നാനായ മിഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മിഷന്‍ ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് യുകെയില്‍ എമ്പാടുമായി 15 മിഷനുകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ക്നാനായ യുവജനങ്ങള്‍ക്കായി പ്രീ മാര്യേജ് കോഴ്സ്, ക്നാ ഫയര്‍ എന്ന പേരില്‍ സ്പിരിച്യുല്‍ സംഘടനയും ലിജിയന്‍ ഓഫ് മേരിക്കും ഫാ.സജി മലയില്‍പുത്തന്‍പുര തുടക്കം കുറിച്ചു.
1995 ഏപ്രില്‍ 19ന് മാര്‍.കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നും പട്ടം സ്വീകരിച്ച് കൈപ്പുഴ, തോട്ടറ, മംഗലം ഡാം, കരിപ്പാടം, എടമുഖം, തിരൂര്‍ എന്നീ ഇടവകകളില്‍ സേവനം ചെയ്തതിനു ശേഷമാണ് ഫാ.സജി മലയില്‍പുത്തന്‍പുര യുകെയില്‍ എത്തിയത്. യുകെയിലെ മലയാളി സമൂത്തിനൊപ്പം വിശ്രമമില്ലാതെ സഞ്ചരിച്ചുകൊണ്ട് അവരുടെ ആത്മീയ വളര്‍ച്ചയിലും സുഖദുഃഖങ്ങളിലും പങ്കാളിയായി, ക്നാനായ സമൂത്തിന്റെ വിശ്വാസ സപര്യക്ക് അടിത്തറ പാകിയശേഷം ഫാ.സജി മലയില്‍പുത്തന്‍പുര നാട്ടിലേക്ക് മടങ്ങുമ്പോള്‍ അത് യുകെയിലെ സിറോ മലബാര്‍ വിശ്വാസ സമൂത്തിനും അതിലുപരി ക്നാനായ സമൂത്തിനും തീരാ നഷ്ടമാണ്.
അമേരിക്കയില്‍ നിന്നും ഫാ.സുനി പടിഞ്ഞാറേക്കരയാണ് ഫാ.സജി മലയില്‍പുത്തന്‍പുരയ്ക്ക് പകരമായി എത്തുന്നത്.
Previous Post Next Post