ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെപിസിസി അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഏറെ സമയമെടുത്തെന്നും വിമര്‍ശനം ഉയര്‍ന്നു. കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നു കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തില്‍ ഉണ്ടായത്. നാലിടങ്ങളില്‍ മത്സരം കനത്തെങ്കിലും അവിടെ പരാജയപ്പെടുന്ന സ്ഥിതി വിശേഷം ഇല്ല. വടകര ഉള്‍പ്പടെയുള്ള മറ്റ് മണ്ഡലങ്ങളില്‍ വന്‍ വിജയം നേടും. തൃശൂരില്‍ ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ വോട്ടിന് കെ മുരളീധരന്‍ വിജയിക്കും. നാട്ടികയിലും പുതുക്കാടും എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ മറ്റിടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരുപക്ഷേ സുരേഷ് ഗോപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.