കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറുടെ പെൻഷനിൽ 30 ശതമാനം കുറവ് വരുത്താൻ ഉത്തരവ്…..


കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ചതുരംഗപ്പാറയിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പി. പ്രഭാകരൻ നായരുടെ പെൻഷനിൽ 30 ശതമാനം തുക കുറവ് വരുത്താൻ റവന്യു വകുപ്പിന്റെ ഉത്തരവ്. 2009 ജൂലൈ 30ന് ചതുരംഗപ്പാറ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽനിന്ന് നിന്ന് 5,000 രുപ വാങ്ങവേ പ്രഭാകരനെ വിജിലൻസ് അറസ്റ്റ് ചെയതിരുന്നു. ഈ കേസിൽ ഹാജരാക്കിയിട്ടുള്ള തെളിവുകൾ പരിശോധിച്ചതിൽ കുറ്റാരോപിതൻ 5,000 കൈപ്പറ്റിയിട്ടുള്ളതായി സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്നാണ് ഉത്തരവിൽ പറയുന്നത്. മുഹമ്മദ് സലീം എന്നയാൾ ഹാജരാക്കിയ അപേക്ഷകയിന്മേൽ നടപടികൾ സ്വീകരിക്കുന്നതിനായി 24,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഈ തുകയിൽ ബാക്കിയുള്ള 7,000 രൂപ 2009 ജൂലൈ 23ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് വിജിലൻസിന് കിട്ടിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണിയൊരുക്കി പ്രഭാകരൻ നായരെ പിടികൂടിയത്. പ്രഭാകരൻ നായർ 2009 ജൂലൈ 30ന് ഉച്ച കഴിഞ്ഞു എന്തിനു ഓഫീസിലെത്തി എന്നതിന് വ്യക്തമായ വിശദീകരണം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഹാജർ ബുക്കിൻ്റെ പകർപ്പ് പരിശോധിച്ചതിൽ 17 മുതൽ 21 വരെയുള്ള തീയതികളിൽ വില്ലേജ് ഓഫീസർ അവധിയിൽ ആയിരുന്നു. ഈ സമയം വില്ലേജ് ഓഫീസറുടെ ചാർജ് സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർക്ക് ആയിരുന്നു. ചട്ട പ്രകാരം പോക്കുവരവ് അപേക്ഷകളിൽ തീരുമാനം കൈക്കൊള്ളുവാൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർക്ക് അധികാരം ഇല്ല. എന്നിട്ടും വില്ലേജ് ഓഫീ‌സർ മടങ്ങിവരുന്നതിന് മുമ്പ് സബ് ഡിവിഷൻ ഇല്ലാത്ത പോക്കുവരവിനുള്ള അപേക്ഷ താലൂക്ക് ഓഫീ‌സിലേക്ക് അയച്ച നടപടി യുക്തിരഹിതമാണ്. ഈ നടപടി അനാവശ്യമായ കാലതാമസം സൃഷ്ടിക്കുന്നതിന് കാരണമായി. ഈ കൈകേകൂലി കേസിൽ വിജിലൻസ് കോടതി പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. ഈ വിധിന്യായത്തിൽ അപാകതകൾ ഉണ്ടെന്നു തെളിയിക്കുന്ന തെളിവുകളോ വാദങ്ങളോ നൽകുവാൻ പ്രഭാകരൻ നായർക്ക് സാധിച്ചിട്ടില്ല. എന്നാൽ, പെൻഷൻ കുടുംബത്തിലെ ഏക വരുമാനം ആണെന്നതും വിദ്യാഭാസം ചെയ്യുന്ന കട്ടികളുടെ ചെലവിനും കുടുംബത്തിൻ്റെ ചെലവുകൾക്കും ഈ പെൻഷൻ തുക മാത്രമാണ് ആശ്രയം എന്നതും പരിഗണിച്ചു പ്രഭാകരൻ നായരുടെ പ്രതിമാസ പെൻഷനിൽ നിന്ന് 30 ശതമാനം തുക സ്ഥിരമായി കുറവ് ചെയ്തു കൊണ്ട് ടിയാനെതിരായ വകുപ്പുതല നടപടി തീർപ്പാക്കി ഉത്തരവാകുന്നു.


Previous Post Next Post