അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്



കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസെടുത്തു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.

ക്രമക്കേടില്‍ സഹകരണ സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മംതോടിയിലെ കെ രതീശനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തു. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി.

പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴു ലക്ഷം രൂപ വരെ വായ്പ അനുവദിച്ചത്. ജനുവരി മുതല്‍ പല തവണകളായിട്ടാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

തുടര്‍ന്ന് വിവരം സഹകരണ സംഘം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ സെക്രട്ടറി ഒളിവില്‍ പോയതായാണ് സൂചന. ക്രമക്കേടില്‍ കേസെടുത്തതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രതീശനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


Previous Post Next Post