പത്തനംതിട്ട: മദ്യലഹരിയിൽ മാതാവിനെ ആക്രമിച്ച പ്രതിയെ പിടികൂടാൻ ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം. രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാഷ്ട്രീയ ഇടപെടലിനെ തുടർന്നെന്ന് ആക്ഷേപം. മലയാലപ്പുഴ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം.
ഗ്രേഡ് എഎസ്ഐ മനോജ്, സിപിഓ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. മലയാലപ്പുഴ മീന്മുട്ടിക്കൽ കളർ വീട്ടിൽ അജികുമാർ (48) ആണ് പൊലീസുകാരെ ആക്രമിച്ചത്. ഇന്നലെ രാവിലെ 11.30 ഓടു കൂടി അജികുമാർ മദ്യപിച്ചെത്തി മാതാവ് ലക്ഷ്മിയെ മർദിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞാണ് ഗ്രേഡ് എസ്ഐ മനോജും സിപിഓ ഉണ്ണികൃഷ്ണനും സംഭവ സ്ഥലത്ത് ചെന്നത്.
ഇതോടെ അജികുമാർ പൊലീസുകാർക്ക് നേരെ തിരിഞ്ഞു. മനോജിന്റെ യൂണിഫോമിന്റെ വലത് ഷോൾഡർ പ്ലാപ്പ് വലിച്ചു പൊട്ടിക്കുകയും നെഞ്ചിൽ തള്ളി താഴെയിടുകയും ചെയ്തു. മനോജിന്റെ വലത് മോതിരവിരലിന് മുറിവ് സംഭവിച്ചു. ഉണ്ണികൃഷ്ണനെയും ഇയാൾ മർദിച്ചു. പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോൾ പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നില്ല.പിന്നിടാണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചത്.
ഇതിന് പിന്നാലെ രാഷട്രീയ ഇടപെടൽ ഉണ്ടാവുകയായിരുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മർദിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. സാധാരണ ഇത്തരം കേസുകളിൽ ഐപിസി 352, 332 എന്നിങ്ങനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഇവിടെ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പ്രതിക്ക് മേൽ നിസാരവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിടുകയാണുണ്ടായത്.
അജികുമാർ മെയ്ക്കാട് ജോലി ചെയ്തു വരുന്ന ആളാണ്. ഭാര്യയും മക്കളുമായി പിണങ്ങി അമ്മയോടൊപ്പം താമസിച്ചു വരികയാണ്, സ്ഥിരം മദ്യപാനിയാണ്. വീട്ടിൽ ബഹളവും പതിവാണ്. ഇയാൾ പൊതുശല്യമായി മാറിയെന്ന പരാതി പ്രദേശവാസികളാണ് ഉന്നയിച്ചിരിക്കുന്നത്.