വീടിന്റെ മതിലും ഗേറ്റും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം






കണ്ണൂർ : മാങ്ങാട്ടിടത്ത് വീട്ടുമതിലും ഗേറ്റും അർധരാത്രി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി.പുറത്ത് നിന്നും വീട് പൂട്ടി വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് മതിൽ പൊളിച്ചതെന്ന് വീട്ടുകാർ പറയുന്നു.കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുളള റോഡരികിലാണ് ഹാജിറയുടെ വീട്. ഇവിടെ റോഡ് നവീകരണം നടക്കുന്നുണ്ട്. റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ചായിരുന്നു അക്രമെന്നാണ് പരാതി.അർധരാത്രി മണ്ണുമാന്തി യന്ത്രത്തിന്‍റെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും പുറത്തേക്കിറങ്ങാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. വീട്ടിലെ മൂന്ന് ഗ്രിൽസ് കമ്പി കഷ്ണം കൊണ്ട് പൂട്ടിയിട്ടിരുന്നു. കിണറിന് മുകളിലുളള ഗ്രിൽസ് വരെ അഴിച്ചുമാറ്റി പുറത്തേക്കുളള വഴിയെല്ലാം അടച്ചു. മതിലും ഗേറ്റും പൂർണമായും തകർത്ത നിലയിലായിരുന്നു. റോഡ് വീതി കൂട്ടാൻ നേരത്തെ സ്ഥലം വിട്ടുനൽകിയതാണെന്നും കൂടുതൽ നൽകാനാകില്ലെന്നും ഹാജിറ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പേരിൽ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഹാജിറ പറയുന്നു.
Previous Post Next Post