കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിമാനം വിറ്റ് ട്രംപ്







വാഷിങ്ടണ്‍: ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ്, മാനനഷ്ടം, അധിക്ഷേപം… ഒന്നിനു പിറകെ ഒന്നായി കേസുകള്‍. ഓരോന്നിലും പിഴയും നഷ്ടപരിഹാരവുമായി ശതകോടികള്‍. ഒരുവട്ടംകൂടി യു.എസ് പ്രസിഡന്റാകാന്‍ കച്ചകെട്ടിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ചെലവുകളുടെ വകയില്‍ വീണ്ടും കോടികള്‍. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനിത് ഒട്ടും നല്ല കാലമല്ല. മുന്നിലുള്ള ജോ ബൈഡനായതുകൊണ്ട് പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താന്‍ സാധ്യതകളേറെയാണെങ്കിലും ഈ പ്രതിസന്ധിക്കാലം തരണം ചെയ്യാന്‍ ചില്ലറയല്ല ട്രംപ് കഷ്ടപ്പെടുന്നത്. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്നൊരു വാര്‍ത്ത. സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വന്തം ജെറ്റ് വിമാനം വിറ്റിരിക്കുകയാണ് ട്രംപ് എന്നാണു പുതിയ റിപ്പോര്‍ട്ട്.

സെസ്‌ന 750 സൈറ്റേഷന്‍ ജെറ്റ് വിമാനമാണ് ഡൊണാള്‍ഡ് ട്രംപ് വിറ്റൊഴിവാക്കിയിരിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും സാമ്പത്തിക പിന്‍ബലമായിരുന്ന ഇറാനിയന്‍ റിയല്‍ എസ്റ്റേറ്റ്-നിര്‍മാണ വ്യവാസായി മെഹര്‍ദാദ് മുആയിദിയാണ് ഒരിക്കല്‍കൂടി അദ്ദേഹത്തിന്റെ രക്ഷക്കെത്തിയിരിക്കുന്നത്. ഇവോജെറ്റ്‌സ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഏകദേശം 10 മില്യന്‍ ഡോളര്‍(ഏകദേശം 83.18 കോടി രൂപ) വിലവരും ഈ സെസ്‌ന ജെറ്റിന്. ലോകത്തെ തന്നെ അതിവേഗ ജെറ്റ് വിമാനങ്ങളിലൊന്നാണിത്. ട്രംപിനു സഹായമായി മെഹര്‍ദാദ് എത്ര തുക നല്‍കിയാണ് വിമാനം വാങ്ങിയിരിക്കുന്നതെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

മേയ് 13ന് വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ ട്രംപ് കമ്പനിയായ ഡി.ടി എര്‍ കോര്‍പില്‍നിന്ന് ടെക്‌സാസ് ആസ്ഥാനമായുള്ള എം.എം ഫ്‌ളീറ്റ് ഹോള്‍ഡിങ്‌സിന്റെ പേരിലേക്കു മാറ്റിയതായി യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രേഖകള്‍ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഹര്‍ദാദ് മുആയിദിയാണ് ഫ്‌ളീറ്റ് ഹോള്‍ഡിങ്‌സ് ഉടമ എന്നു സര്‍ക്കാര്‍ രേഖകളും വ്യക്തമാക്കുന്നുണ്ട്. ഇറാനിയന്‍-അമേരിക്കക്കാരനായ മെഹര്‍ദാദ് യു.എസിലെ നിര്‍മാണരംഗത്തെ ഭീമന്മാരായ സെഞ്ചൂറിയന്‍ അമേരിക്കന്‍ കസ്റ്റം ഹോംസിന്റെ മുതലാളിയാണ്. ഡാലസിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. 1990ല്‍ ആരംഭിച്ച കമ്പനി അമേരിക്കയില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ആയിരക്കണക്കിനു നിര്‍മാണ പദ്ധതികള്‍ക്കാണു മേല്‍നോട്ടം വഹിച്ചതെന്ന് ‘ദി ഡെയ്‌ലി ബീസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 കാലത്ത് കൈയും കണക്കുമില്ലാത്ത പണമാണ് മെഹര്‍ദാദ് ട്രംപിനും റിപബ്ലിക്കന്‍ പാര്‍ട്ടിക്കും വേണ്ടി വാരിയെറിഞ്ഞത്. 2019നും 2020നും ഇടയില്‍ അദ്ദേഹം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവര്‍ത്തിച്ച കമ്മിറ്റിക്കു നല്‍കിയത് 2.50 ലക്ഷം യു.എസ് ഡോളറാണ്. ടെഡ് ക്രൂസ്, നിക്കി ഹാലെ ഉള്‍പ്പെടെ മറ്റു റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കും കമ്മിറ്റിക്കള്‍ക്കുമായി വേറെയും കോടികള്‍ നല്‍കിയിട്ടുണ്ട് മെഹര്‍ദാദ്.

ഏതായാലും പ്രതിസന്ധിക്കാലത്ത് ട്രംപ് മെഹര്‍ദാദിനു വിറ്റ വിമാനം ചില്ലറക്കാരനല്ല. തങ്ങളുടെ വിമാനങ്ങളുടെ കൂട്ടത്തില്‍ വളരെ വിശേഷപ്പെട്ട ഫീച്ചറുകള്‍ അടങ്ങിയതാണു വിമാനമെന്നാണ് ട്രംപ് ഏവിയേഷന്‍ വെബ്‌സൈറ്റില്‍ സെസ്‌നയെ പരിചയപ്പെടുത്തുന്നത്. ആകാശത്തെ റോക്കറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. 51,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 1,136 കി.മീറ്റര്‍ ആണ് ഒന്‍പതു പേര്‍ക്ക് ഒന്നിച്ചിരുന്നു യാത്ര ചെയ്യാവുന്ന സെസ്‌ന ജെറ്റിന്റെ വേഗം.

ട്രംപിന്റെ കേസുകെട്ടുകളുടെ കണക്കെടുത്താല്‍ വിരലിലെണ്ണിത്തീര്‍ക്കാവുന്നതിനും അപ്പുറമാണവ. 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലി കേസ് ഉള്‍പ്പെടെ 88 ക്രിമിനല്‍ കേസുകളിലാണ് ട്രംപ് ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നത്. രണ്ടു മാസം മുന്‍പ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 100 മില്യന്‍ ഡോളര്‍(ഏകദേശം 833 കോടി രൂപ) ആണ് നിയമപോരാട്ടങ്ങള്‍ക്കു വേണ്ടി ട്രംപ് ചെലവഴിച്ചു കഴിഞ്ഞിട്ടുള്ളത്. 200 മില്യന്‍ ഡോലര്‍ ഈ വര്‍ഷം മാത്രം രണ്ട് സിവില്‍ കേസുകളില്‍ പിഴയായി ഒടുക്കേണ്ടിവന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സാമ്പത്തിക തട്ടിപ്പുകേസില്‍ ട്രംപ് കോടതിയില്‍ തന്റെ സാമ്പത്തിക പരാധീനതകളെ കുറിച്ചു തുറന്നുപറയുകയും ചെയ്തിരുന്നു. കൈയില്‍ 500 മില്യന്‍ ഡോളര്‍ മാത്രമേ പണമായി ഉള്ളൂവെന്നും ബാക്കിയെല്ലാം റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളാണെന്നും പറഞ്ഞ് പിഴ കുറച്ചുതരണമെന്ന് അപേക്ഷിക്കുകയായിരുന്നു ട്രംപ്. അപേക്ഷ കേട്ട് മനസലിഞ്ഞ് മാന്‍ഹാട്ടന്‍ കോടതി 454 മില്യന്‍ ഡോളര്‍ പിഴ 175 മില്യന്‍ ഡോളറായി കുറച്ചുകൊടുക്കുകയും ചെയ്തിരുന്നു. കോടതിയും നടപടികളുമായി കീശ കീറാന്‍ തുടങ്ങിയതോടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലേക്ക്(പാക്) എത്തുന്ന സംഭാവനകള്‍ കൂടി എടുത്താണ് ട്രംപ് ഇപ്പോള്‍ കേസും കാര്യവും നടത്തുന്നതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Previous Post Next Post