തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയം ഉറപ്പെന്ന് സിപിഐ വിലയിരുത്തൽ. എൽഡിഎഫ് 12 സീറ്റ് വരെ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി.
മാവേലിക്കരയിലും തൃശ്ശൂരും വിജയം ഉറപ്പെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിപിഐ വിലയിരുത്തുന്നു. മാവേലിക്കരയിൽ സി എ അരുൺകുമാറും തൃശ്ശൂരിൽ വി എസ് സുനിൽകുമാറുമാണ് സിപിഐക്കായി കളത്തിലിറങ്ങിയത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തുന്നു. ഇവിടെ ആനി രാജ ആയിരുന്നു സിപിഐ സ്ഥാനാർത്ഥി.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിലുള്ള അതൃപ്തി സിപിഐഎം നേതൃത്വത്തെ അറിയിക്കാനും യോഗത്തിൽ ധാരണയായി. സിപിഐ, സിപിഐഎം സെക്രട്ടറിമാർ തമ്മിൽ വിഷയം ചർച്ച ചെയ്യാനാണ് ധാരണയായിരിക്കുന്നത്. മറ്റു ചർച്ചകൾ വേണ്ടെന്ന് സിപിഐ എക്‌സിക്യൂട്ടീവിൽ പാർട്ടി നേതൃത്വം നിർദേശിച്ചു. പ്രശ്നങ്ങൾ പാർട്ടി സെക്രട്ടറിമാർ ചർച്ച ചെയ്ത് പരിഹരിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് പറഞ്ഞാണ് വിഷയം എക്‌സിക്യൂട്ടീവിൽ അംഗങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ നേതൃത്വം തടഞ്ഞത്. എൽഡിഎഫിലും വിഷയത്തിൽ ചർച്ച വേണ്ടെന്ന് സിപിഐ എക്സിക്യൂട്ടീവിൽ ധാരണയായി