കോഴിക്കോട്: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കോഴിക്കോട് പുതിയങ്ങാടിയിൽ വയോധികനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ പിടിയിൽ. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമനാ(67) ണ് പരിക്കേറ്റത്. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് പുതിയങ്ങാടി പാനൂര്‍ വീട്ടില്‍ പ്രദീശനെ(44) കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം അരങ്ങേറിയത്. പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡരികില്‍ ഗുഡ്‌സ് ഓട്ടോ നിര്‍ത്തി വിശ്രമിക്കുകയായിരുന്നു സോമൻ. ഈ സമയം ബൈക്കിൽ എത്തിയ പ്രദീശൻ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നു. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് സോമൻ്റെ പല്ലുകള്‍ കൊഴിഞ്ഞു.
സംഭവത്തിൽ എലത്തൂര്‍ പൊലീസിന് നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പൊലീസ് പ്രദീശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.